കൊല്‍ക്കത്തയില്‍ യുവഡോക്ടര്‍ ബലാത്സംഗത്തിനിരായായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധക്കാരെ അനുനയിപ്പിക്കാന്‍ ശ്രമംതുടര്‍ന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി.പ്രതിഷേധക്കാരെ നേരില്‍കണ്ടമുഖ്യമന്ത്രി ഇത് തന്റെ അവസാന ശ്രമമാണെന്നും പറഞ്ഞും.പ്രതിഷേധക്കാരുടെ ആവശ്യം നിറവേറ്റുമെന്നും കുറ്റക്കാർക്ക് ശിക്ഷ ഉറപ്പാക്കുമെന്നും മമത ബാനർജി വ്യക്തമാക്കി.മുഖ്യമന്ത്രിയായല്ല, ദീദിയായാണ് നിങ്ങളെ കാണാൻ വന്നത്.
നിങ്ങൾ മുന്നോട്ടുവെച്ച ആവശ്യങ്ങളെ കുറിച്ച് കൃത്യമായി പഠിക്കും, കുറ്റക്കാരായവർക്ക് ശിക്ഷയുറപ്പാക്കും. ഈ പ്രശ്നം പരിഹരിക്കാനുള്ള എന്റെ അവസാന ശ്രമമാണിത്, മമത ബാനർജി പറഞ്ഞു.പ്രതിഷേധം അവസാനിപ്പിച്ച് ഡോക്ടർമാർ തിരികെ ജോലിയിൽ പ്രവേശിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.ഡോക്ടർമാർ നേരിടുന്ന പ്രതിസന്ധികളെ കുറിച്ച് വ്യക്തമായ ധാരണയുണ്ട്. വിദ്യാർത്ഥി സംഘടനകളെ നയിച്ച് ഇവിടെ വരെയെത്തിയതാണ് താനെന്നും ജീവിതത്തിൽ നിരവധി പ്രതിസന്ധികൾ നേരിടേണ്ടി വന്നിട്ടുള്ളതിനാൽ സ്ഥിഗതികൾ മനസിലാകുമെന്നും മമത ബാനർജി പറഞ്ഞു.
കുറ്റക്കാരായവർക്ക് എന്തായാലും ശിക്ഷയുറപ്പാക്കും. കുറച്ച് സമയം മാത്രമാണ് ആവശ്യപ്പെടുന്നത്. പ്രതിഷേധക്കാർക്കെതിരെ സംസ്ഥാന സർക്കാർ ഒരു കാരണവശാലും നടപടിയെടുക്കില്ല.ജോലിയിൽ തിരികെ പ്രവേശിക്കണമെന്ന് ആപേക്ഷിക്കുകയാണ്.വികസനവുമായും സുരക്ഷയുമായും ബന്ധപ്പെട്ട വിഷയങ്ങളിൽ സർക്കാർ നടപടിയെടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.കൃത്യമായ ചർച്ച നടത്താതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലായിരുന്നു പ്രതിഷേധക്കാർ. കഴിഞ്ഞ ദിവസം യുവ ഡോക്ടർക്ക് നീതിയുറപ്പാക്കുന്നതല്ല പ്രതിഷേധക്കാരുടെ ലക്ഷ്യം മറിച്ച് തന്നെ മുഖ്യമന്ത്രി കസേരയിൽ നിന്നും പുറത്താക്കുകയാണെന്ന് മമത ബാനർജി പറഞ്ഞിരുന്നു.
പ്രതിഷേധത്തിന് പിന്നിൽ രാഷ്ട്രീയ താത്പര്യങ്ങളാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ പ്രതിഷേധക്കാരെ ചർച്ചയ്ക്ക് വിളിച്ചിരുന്നെങ്കിലും ആവശ്യങ്ങൾ അംഗീകരിക്കാതായതോടെ ചർച്ചയ്ക്കില്ലെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു. ചർച്ചയിൽ മുഖ്യമന്ത്രിയുടെ സാന്നിധ്യം വേണം, ചർച്ച തത്സമയം സംപ്രേഷണം ചെയ്യണം, ചർച്ചയ്ക്ക് 30 പേരെ പങ്കെടുപ്പിക്കണം തുടങ്ങിയ ആവശ്യങ്ങളായിരുന്നു ജൂനിയർ ഡോക്ടർമാർ മുന്നോട്ടുവച്ചത്. എന്നാൽ സർക്കാർ ഇത് അംഗീകരിച്ചില്ല. കൂടിക്കാഴ്ചയ്ക്കായി മുഖ്യമന്ത്രി തയ്യാറായെങ്കിലും ഇതിന്റെ തത്സമയ സംപ്രേഷണം വിലക്കി. ചർച്ചയ്ക്ക് പതിനഞ്ചിൽ കൂടുതൽ ആളുകൾ പങ്കെടുക്കരുതെന്ന നിർദേശവും മുന്നോട്ട് വച്ചു.
ഇതോടെ ഡോക്ടർമാർ ചർച്ചയിൽ നിന്ന് പിന്മാറുകയായിരുന്നു. ഇതിന് പിന്നാലെ മാധ്യമങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രിയുടെ രാജിയല്ല തങ്ങൾ ആവശ്യപ്പെടുന്നതെന്നും ചർച്ച തത്സമയം സംപ്രേഷണം ചെയ്യാതെ സമവായത്തിന് തയ്യാറല്ലെന്നും ഡോക്ടർമാർ വ്യക്തമാക്കിയിരുന്നു.കഴിഞ്ഞമാസം 9നായിരുന്നു ആർജി കർ മെഡിക്കൽ കോളേജിൽ ഡ്യൂട്ടിക്കിടെ വിശ്രമിക്കാൻ സെമിനാർ ഹാളിലെത്തിയ യുവ ഡോക്ടറെ സഞ്ജയ് റോയ് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. കേസ് അട്ടിമറിക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നും നീതിയും സുരക്ഷയും ഉറപ്പാക്കണമെന്നതുമുൾപ്പടെയുള്ള ആവശ്യങ്ങൾ മുൻനിർത്തിയാണ് പ്രതിഷേധം.