Site iconSite icon Janayugom Online

വിദേശയാത്രകളിൽ മുന്നേറി യുവതലമുറ: പ്രിയപ്പെട്ട ഇടമായി തായ്‌ലൻഡ്

ഇന്ത്യൻ വിദേശ യാത്രാ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളുമായി യുവതലമുറ. 2025‑ൽ ഇന്ത്യയിൽ നിന്ന് നടന്ന പത്ത് അന്താരാഷ്ട്ര യാത്രകളിൽ ഒമ്പതും (90%) ജെൻ സി, മില്ലേനിയൽ വിഭാഗത്തില്‍പ്പെട്ട യുവാക്കളുടേതാണെന്ന് ‘നിയോ’ പുറത്തിറക്കിയ വാർഷിക റിപ്പോർട്ട് പറയുന്നു. ഡിജിറ്റൽ സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തിയുള്ള ആസൂത്രണം, ചെലവ് കുറഞ്ഞ രീതിയിലുള്ള യാത്രകള്‍ എന്നിവയാണ് ഈ തലമുറയുടെ പ്രധാന പ്രത്യേകത.
ഇന്ത്യൻ സഞ്ചാരികൾക്കിടയിൽ ഒറ്റയ്ക്കുള്ള യാത്രകൾക്ക് വൻ പ്രചാരമാണ് ലഭിക്കുന്നത്. ആകെ യാത്രകളിൽ 63.8 ശതമാനവും സഞ്ചാരികള്‍ ഒറ്റയ്ക്കുതന്നെയാണ് നടത്തുന്നത്. ദമ്പതികൾ (19.93%), കുടുംബങ്ങൾ (12.26%), ഗ്രൂപ്പുകൾ (4.01%) എന്നിങ്ങനെയാണ് മറ്റ് കണക്കുകൾ. വ്യക്തിസ്വാതന്ത്ര്യം, വ്യത്യസ്ത അനുഭവങ്ങൾ നേടുക തുടങ്ങിയവയ്ക്ക് യുവാക്കൾ കൂടുതൽ മുൻഗണന നൽകുന്നതിന്റെ സൂചനയാണിതെന്ന് റിപ്പോര്‍ട്ട് പറയുന്നു. പത്ത് ലക്ഷത്തിലധികം ഇന്ത്യൻ സഞ്ചാരികളുടെ യാത്രാ വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
ഇന്ത്യക്കാർക്ക് വിസയില്ലാതെയും കുറഞ്ഞ ചെലവിലും സന്ദർശിക്കാവുന്ന ഏഷ്യൻ രാജ്യങ്ങളാണ് പട്ടികയിൽ മുന്നിൽ. തായ്‌ലാൻഡാണ് ഒന്നാമത്, 23.08 % യാത്രകൾ, തൊട്ടുപിന്നാലെ യുഎഇ (21.57 %). ജോർജിയ (9.65 %), മലേഷ്യ (8.89 %), ഫിലിപ്പീൻസ് (8.8 %), കസാക്കിസ്ഥാൻ (7.38 %), വിയറ്റ്നാം (5.87 %), ഉസ്ബെക്കിസ്ഥാൻ (5.6 %), യുകെ (5.38%), സിംഗപ്പൂർ (3.78 %) എന്നിങ്ങനെയാണ് യാത്രക്കാരുടെ എണ്ണം. ദുബായ്, സിംഗപ്പൂർ, ഹോങ്കോങ് എന്നിവിടങ്ങളിലേക്കുള്ള വിസ ബുക്കിങ്ങിലും വലിയ കുതിച്ചുചാട്ടമുണ്ടായി.
ഇന്ത്യയിൽ നിന്നുള്ള വിദേശയാത്രകളിൽ മൂന്നിൽ രണ്ട് ഭാഗവും (66%) പ്രധാനമായും ഡല്‍ഹി, ബംഗളൂരു, മുംബൈ നഗരങ്ങളിൽ നിന്നാണ്.
വിദേശത്ത് പോകുന്ന ഇന്ത്യക്കാർ പണം ചിലവാക്കുന്ന രീതിയിലും മാറ്റങ്ങൾ വന്നിട്ടുണ്ട്. ആകെ ചിലവിന്റെ പകുതിയോളവും (47.28%) ഷോപ്പിങ്ങിനായാണ് മാറ്റിവെക്കുന്നത്. ഭക്ഷണത്തിനായി 20.69 %, ഗതാഗതം 19.93 %, താമസം 9.09 % എന്നിങ്ങനെയും ചെലവഴിക്കുന്നു. യാത്രക്കാർക്കിടയിൽ സുരക്ഷാ ബോധം വര്‍ധിച്ചതായും റിപ്പോർട്ട് പറയുന്നു. ട്രാവൽ ഇൻഷുറൻസ് എടുക്കുന്നവരുടെ എണ്ണത്തിൽ 43% വര്‍ധനവ് ഈ വർഷം രേഖപ്പെടുത്തി.

Exit mobile version