Site iconSite icon Janayugom Online

യുവാവിനെ പൊലീസ് വെടിവച്ചുകൊന്നു; മിനിയപൊളിസില്‍ പ്രതിഷേധം

കറുത്ത വംശജനായ യുവാവിനെ പൊലീസ് വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ അമേരിക്കന്‍ നഗരമായ മിനിയപൊളിസില്‍ പ്രതിഷേധം ശക്തം. നൂറുകണക്കിന് പ്രതിഷേധക്കാരാണ് യുവാവിന് നീതി ആവശ്യപ്പെട്ട് കഴിഞ്ഞദിവസം നഗരത്തില്‍ സമാധാനപരമായി പ്രതിഷേധിച്ചത്.

മിനിയപൊളിസ് പൊലീസ് ആമിറിനെ കൊന്നു’, ‘നോ ജസ്റ്റിസ്, നോ പീസ്’ എന്നിങ്ങനെ എഴുതിയ പ്ലക്കാര്‍ഡകളുമേന്തിയാണ് പ്രതിഷേധം. ആമിര്‍ ലോക്ക് എന്ന 22കാരനായ യുവാവാണ് മൂന്ന് ദിവസം മുമ്പ് പൊലീസ് റെയ്ഡിനിടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍

മിനിയപൊളിസ് പൊലീസ് തന്നെ പുറത്തുവിട്ടിരുന്നു. വീഡിയോയില്‍ ആമിറിന്റെ കയ്യില്‍ തോക്കുള്ളതായും കാണാമായിരുന്നു. മുന്നറിയിപ്പൊന്നുമില്ലാതെ അപ്പാര്‍ട്ട്‌മെന്റിലേക്ക് പൊലീസ് നടത്തിയ റെയ്ഡിലാണ് യുവാവിന് വെടിയേറ്റത്.

മുന്നറിയിപ്പ് കൂടാതെ സ്വകാര്യവസതിയില്‍ തിരച്ചില്‍ നടത്താന്‍ പൊലീസിന് അധികാരം കൊടുക്കുന്ന സെര്‍ച്ച് വാറന്റ് കയ്യിലുണ്ടായിരുന്നെന്നും ഇതിനെത്തുടര്‍ന്നാണ് ആമിറിന്റെ അപ്പാര്‍ട്ട്‌മെന്റ് റെയ്ഡ് ചെയ്തതെന്നുമാണ് പൊലീസ് വാദം. ഒരു കൊലപാതകക്കേസുമായി ബന്ധപ്പെട്ടതായിരുന്നു സെര്‍ച്ച് വാറന്റ്.

എന്നാല്‍ വാറന്റില്‍ ആമിറിന്റെ പേര് ഇല്ല എന്നാണ് റിപ്പോര്‍ട്ട്. തോക്ക് കൈവശം വെക്കുന്നതിനുള്ള നിയമപരമായ അനുമതി ആമിറിന് ഉണ്ടായിരുന്നെന്നും ഇദ്ദേഹത്തിന് ഒരു ക്രിമിനല്‍ ചരിത്രവുമുണ്ടായിരുന്നില്ല എന്നുമാണ് ആമിറിന്റെ കുടുംബത്തിന്റെ അഭിഭാഷകരും പ്രതിഷേധക്കാരായ ആക്ടിവിസ്റ്റുകളും പറയുന്നത്.

2020ല്‍ പൊലീസ് അക്രമത്തില്‍ കൊല്ലപ്പെട്ട കറുത്ത വംശജന്‍ ജോര്‍ജ് ഫ്‌ളോയിഡിന്റെ മരണത്തെ ഓര്‍മിപ്പിക്കുന്നതാണ് ആമിറിന്റെ മരണവും എന്നതാണ് ഇപ്പോള്‍ പ്രതിഷേധം ശക്തമാവാന്‍ പ്രധാന കാരണം.

eng­lish sum­ma­ry; Young man shot dead by police; Protest in Minneapolis

you may also like this video;

Exit mobile version