കോഴിക്കോട് എരഞ്ഞിപ്പാലത്ത് യുവതിയെ ആൺസുഹൃത്തിന്റെ വാടക വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മംഗലാപുരത്ത് ഫിസിയോ തെറാപ്പി വിദ്യാർത്ഥിനിയായിരുന്ന ആയിഷ റാസ(21) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. മംഗലാപുരത്ത് പഠിക്കുകയായിരുന്ന ആയിഷ മൂന്ന് ദിവസം മുൻപാണ് കോഴിക്കോട്ടെ ആൺസുഹൃത്തിന്റെ വീട്ടിലെത്തിയത്. യുവതിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചതിനെ തുടർന്ന് ജിം ട്രെയിനറായ ആൺസുഹൃത്തിനെ നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തു.
സംഭവത്തില്‍ സുഹൃത്തിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ആയിഷ ജീവനൊടുക്കില്ലെന്നും, ആൺസുഹൃത്ത് കൊലപ്പെടുത്തിയതാണെന്ന് സംശയിക്കുന്നതായും ബന്ധുക്കൾ ആരോപിച്ചു. കൂടാതെ, ആൺസുഹൃത്ത് ആയിഷയെ ക്രൂരമായി ആക്രമിച്ചിരുന്നുവെന്നും ബന്ധുക്കൾ ആരോപിക്കുന്നു. പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ മരണകാരണത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ.

