Site iconSite icon Janayugom Online

ശസ്ത്രക്രിയയ്ക്കിടെ കത്രിക വയറ്റില്‍ കുടുങ്ങി, പുറത്തെടുത്തത് 5 വര്‍ഷങ്ങള്‍ക്ക് ശേഷം: കോഴിക്കോട് മെഡിക്കല്‍ കോളജിനെതിരെ ആരോപണം

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടന്ന ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങി. അഞ്ചുവര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ വിവരം യുവതി ഉള്‍പ്പെടെ അറിയുന്നത്. 2017 നവംബര്‍ മാസത്തിലാണ് ഹര്‍ഷിന കോഴിക്കോട് മെഡിക്കല്‍ കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ വച്ച് പ്രസവ ശസ്ത്രക്രിയയ്ക്ക് വിധേയയായത്. ഇതിന് പിന്നാലെ യുവതിക്ക് തുടര്‍ച്ചയായി വയറുവേദന അനുഭവപ്പെട്ടിരുന്നു. നിരവധി ആശുപത്രികളില്‍ ചികിത്സ തേടിയെങ്കിലും രോഗവിവരം കണ്ടെത്താനായില്ല. തുടര്‍ന്ന് ഒരു സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് വയറ്റില്‍ കുടുങ്ങിയിരിക്കുന്ന കത്രിക കണ്ടെത്തിയത്.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വച്ച് തന്നെ നടത്തിയ ശസ്ത്രക്രിയയിലൂടെ ഹര്‍ഷിനയുടെ ശരീരത്തില്‍ നിന്നും പുറത്തെടുത്തത് 11 സെന്റീമിറ്റര്‍ നീളമുള്ള കത്രികയാണ്. മൂത്രസഞ്ചിയിലേക്ക് കത്രിക കുത്തിനിന്നതുമൂലം ആ ഭാഗത്ത് പഴുപ്പും നീരും വന്നതായിരുന്നു യുവതിയുടെ ശാരീരിക ബുദ്ധിമുട്ടുകള്‍ക്ക് കാരണം.

അതേസമയം സംഭവത്തില്‍ കുറ്റക്കാരായവര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ സുല്‍ഫി നൂഹു അറിയിച്ചു. ശസ്ത്രക്രിയ ഉപകരണങ്ങള്‍ എടുക്കുമ്പോഴും തിരികെ വയ്ക്കുമ്പോഴും കണക്കെടുക്കല്‍ നിര്‍ബന്ധമാണ്. സംഭവം നിര്‍ഭാഗ്യകരമാണെന്നും കണക്കെടുപ്പിലെ പിഴവാണ് വീഴ്ചയ്ക്ക് കാരണമെന്നും ഐഎംഎ ചൂണ്ടിക്കാട്ടി.

Eng­lish Sum­ma­ry: young woman lived for 5 years with scis­sors stuck in her stom­ach dur­ing surgery
You may also like this video

Exit mobile version