Site iconSite icon Janayugom Online

ക്ഷേത്രച്ചുവരില്‍ ചിത്രവിസ്മയം തീര്‍ത്ത് യുവതികള്‍

ക്ഷേത്രച്ചുവരിൽ നിറങ്ങൾ കൊണ്ട് വിസ്മയം തീർത്ത് അഞ്ച് യുവതികള്‍. വടകര കാർത്തികപ്പള്ളിയിലെ മണ്ണമ്പ്രത്ത് ദേവീക്ഷേത്രത്തിന്റെ മുഖപ്പിലാണ് യുവതികള്‍ പുതുചരിത്രം രചിച്ചത്. പൊതുവെ സ്ത്രീകള്‍ ഏറ്റടുക്കാന്‍ തയ്യാറാവാത്ത ക്ഷേത്രത്തിന്റെ മുഖപ്പ് വരയ്ക്കുക എന്ന ഉത്തരവാദിത്തമാണ് ഇവർ സന്തോഷത്തോടെ ഏറ്റെടുത്തത്. ക്ഷേത്രത്തിന്റെ മുഖപ്പ് വരയ്ക്കാമോ എന്ന ക്ഷേത്രം ഭാരവാഹികളുടെ ചോദ്യം ആദ്യം വെല്ലുവിളിയായിരുന്നെങ്കിലും പതറാതെ ഉത്തരവാദിത്തം ഏറ്റെടുക്കുകയായിരുന്നുവെന്ന് വടകര സ്വദേശിയായ അമ്പിളി രാജീവ് വ്യക്തമാക്കി. 

കൂട്ടുകാരിയും ചിത്രകാരിയുമായ രജിതാ രാധാകൃഷ്ണനും പിന്തുണയുമായി ഒപ്പം ചേർന്നു. ചിത്രമെഴുത്തിന് കൂട്ടായി തലശ്ശേരി സ്കൂൾ ഓഫ് ആർട്സ് വിദ്യാർത്ഥികളായ അനശ്വരയും, സ്വാതിയും, ഹരിതയുമുണ്ടായിരുന്നു. സ്ത്രീകൾ ചിത്രം വരയ്ക്കാന്‍ തയ്യാറാണെങ്കിൽ അവർ ചെയ്യട്ടെ എന്ന് ക്ഷേത്ര കമ്മിറ്റി തീരുമാനമെടുക്കുകയായിരുന്നു. കൊത്തുപണിയിൽ ചിത്രങ്ങൾ വരച്ച് അക്രിലിക് പെയിന്റ് ചെയ്താണ് അമ്പലത്തിന്റെ മുഖപ്പ് സുന്ദരമാക്കി തീർക്കുന്നത്. ചുമരിലെയും സീലിങ്ങിലെയും ചിത്രം ആരെയും ആകർഷിക്കും. ക്ഷേത്ര വിശ്വാസവും ആചാരങ്ങളും സംവദിക്കുന്നതാണ് ചിത്രങ്ങൾ. 20 ദിവസം കൊണ്ടാണ് ചിത്ര പണികൾ പൂർത്തീകരിച്ചത്. ചിത്രത്തിന് പ്രചാരം ലഭിച്ചതോടെ മറ്റു ക്ഷേത്ര കമ്മിറ്റികളും ഇവരെ മ്യൂറൽ പെയിന്റിങ്ങിനായി സമീപിച്ചിട്ടുണ്ട്.

Eng­lish Summary;Young women paint­ing on the tem­ple walls

You may also like this video

Exit mobile version