കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരുടെ ആവശ്യങ്ങള്‍ ശ്രദ്ധിക്കുകയും പ്രശ്‌നങ്ങള്‍ പരിഗണിക്കുന്നതിന് മുന്‍ഗണന നല്‍കുകയും ചെയ്യണമെന്ന് ഗുസ്തി താരം വിനേഷ് ഫോഗട്ട്. ശംഭു അതിർത്തിയിലെ കർഷക സമരത്തിന്റെ ഭാഗമായി ചേര്‍ന്ന മഹാപഞ്ചായത്തില്‍ സംസാരിക്കുകയായിരുന്നു വിനേഷ്.
നിങ്ങളുടെ മകള്‍ നിങ്ങളോടൊപ്പം തന്നെയുണ്ടെന്ന് വിനേഷ് പറഞ്ഞു. കഴിഞ്ഞ 200 ദിവസമായി കർഷകർ ഇവിടെ ഇരിക്കുകയാണ്. വല്ലാത്ത വേദനയുണ്ടാക്കുന്ന കാഴ്ചയാണിത്. രാജ്യാന്തര തലത്തില്‍ രാജ്യത്തെ പ്രതിനിധീകരിക്കുന്ന ഞങ്ങള്‍ക്ക് കുടുംബം സംരക്ഷിക്കാന്‍ കഴിഞ്ഞില്ല. ഇവരെല്ലാവരും നമ്മുടെ രാജ്യത്തെ പൗരന്മാരാണ്. കർഷകരാണ് രാജ്യത്തിന്റെ ചാലകശക്തി. അവരില്ലാതെ ഒന്നും നടക്കില്ല. അത്‌ലറ്റുകള്‍ ഉണ്ടാകില്ല. അവർ ഊട്ടിയില്ലെങ്കില്‍ മത്സരിക്കാൻ കഴിയില്ല. ഇത്രയധികം സംഭവിച്ചിട്ടും അവര്‍ ഹൃദയം തുറന്ന് രാജ്യത്തെ പോറ്റുകയാണ്. ഇവരെ കേള്‍ക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുകയാണ്. നല്‍കിയ വാക്കുപാലിക്കാൻ തയ്യാറാകണം. അവകാശങ്ങൾക്കായി നമ്മള്‍ നിലകൊള്ളണം, കാരണം മറ്റാരും നമുക്കായി വരില്ലെന്നും വിനേഷ് പറഞ്ഞു.
സംയുക്ത കിസാന്‍ മോര്‍ച്ചയും കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയും നടത്തിയ ഡല്‍ഹി ചലോ പ്രക്ഷോഭം തടഞ്ഞതോടെ 200 ദിവസമായി പഞ്ചാബിനും ഹരിയാനയ്ക്കും ഇടയിലുള്ള ശംഭു, ഖനൗരി അതിര്‍ത്തികളില്‍ കര്‍ഷകര്‍ പ്രതിഷേധത്തിലാണ്. എല്ലാ വിളകൾക്കും മിനിമം താങ്ങുവിലയ്ക്ക് (എംഎസ്‌പി) നിയമപരമായ ഉറപ്പ് നൽകണമെന്നാണ് സമരക്കാരുടെ പ്രധാന ആവശ്യം.
ഹരിയാനയിലെ ബലാലിയില്‍ നിന്നുള്ള വിനേഷ് ഫോഗട്ട് പാരിസ് ഒളിമ്പിക്സില്‍ 50 കിലോഗ്രാം ഫൈനല്‍ മത്സരത്തില്‍ ഭാരം കൂടിയതിനെത്തുടര്‍ന്ന് അയോഗ്യയാക്കപ്പെടുകയായിരുന്നു. സമരവേദിയിലെത്തിയ താരത്തെ ഹാരമണിയിച്ച് കര്‍ഷകര്‍ വരവേറ്റു. പ്രതിഷേധം സമാധാനപരമായും എന്നാൽ തീവ്രതയോടെയുമാണ് നടക്കുന്നതെന്ന് കർഷക നേതാവ് സർവാൻ സിങ് പാന്ദർ പറഞ്ഞു. കേന്ദ്രം തങ്ങളുടെ ആവശ്യങ്ങൾ ഇതുവരെ അംഗീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ മൂന്നിന് രാജ്യവ്യാപകമായി ‘റെയിൽ റോക്കോ’ സമരം നടത്തുമെന്ന് കര്‍ഷക സംഘടനാ നേതാക്കള്‍ അറിയിച്ചു. ഇതിന് മുന്നോടിയായി ഈ മാസം 15 നും 22നും ഹരിയാനയിലെ ജിന്ദ്, പിപ്ലി എന്നീ കേന്ദ്രങ്ങളില്‍ കര്‍ഷക മഹാപഞ്ചായത്തുകള്‍ ചേരാനും യോഗം തീരുമാനമെടുത്തു.
ഹരിയാന തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തുന്നതിനുവേണ്ടി കര്‍ഷകസംഘടനകള്‍ രംഗത്തിറങ്ങുമെന്നും സർവാൻ സിങ് പാന്ദർ പറഞ്ഞു.