Site iconSite icon Janayugom Online

ജാർഖണ്ഡിൽ യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു

മോഷണക്കുറ്റം ആരോപിച്ച് ജാർഖണ്ഡിൽ യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു. പാലാമു ജില്ലയിലെ തെലിയാഹി ഗ്രാമത്തിലെ പദ്‍വ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് പവൻ റാം (22) കൊല്ലപ്പെട്ടത്. വാഹനത്തിൽനിന്ന് ബാറ്ററി മോഷ്ടിക്കാൻ ശ്രമിച്ചയാളെ നാട്ടുകാർ പിടികൂടി എന്ന വിവരത്തെ തുടർന്ന് പൊലീസ് പട്രോൾ സംഘം സ്ഥലത്തെത്തിയപ്പോൾ ആളുകൾ യുവാവിനെ കെട്ടിയിട്ട് മർദിക്കുകയായിരുന്നു. ഇയാളെ രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് പാലാമു പൊലീസ് സൂപ്രണ്ട് രീഷ്മ രമേശൻ പറഞ്ഞു.

സംഭവത്തിൽ പരസ് നാഥ് മേത്ത (35) എന്നയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ഒളിവിൽപോയ മറ്റുള്ളവരെ പിടികൂടാനുള്ള ശ്രമത്തിലാണെന്നും പൊലീസ് പറഞ്ഞു. ഇത് ആൾക്കൂട്ട മർദനമാണെന്നും ബി.എൻ.എസിലെ സെക്ഷൻ 103(2) വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ടെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. പെൺസുഹൃത്തി​നെ കാണാനെത്തിയ യുവാവിനെ, ട്രാക്ടറിൽനിന്ന് ബാറ്ററി മോഷ്ടിക്കാൻ ശ്രമിച്ചെന്നാരോപിച്ച് ആൾക്കൂട്ടം പിടികൂടി മർദിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇയാളിൽ നിന്ന് മോഷ്ടിച്ച ബാറ്ററി കണ്ടെടുത്തിട്ടില്ല.

Exit mobile version