Site iconSite icon Janayugom Online

തലവേദനയായി സംഘടനാ തെരഞ്ഞെടുപ്പ്; യൂത്ത് കോണ്‍ഗ്രസും കെപിസിസിയും നേർക്കുനേർ

യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃസ്ഥാനത്തേക്കുള്ള മത്സരവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കെപിസിസി നിയന്ത്രണം അസാധ്യമായതോടെ, തെരഞ്ഞെടുപ്പ് നീട്ടിവയ്പ്പിക്കാൻ നേതൃത്വം. എന്നാൽ, ദേശീയ നേതൃത്വം നിശ്ചയിച്ച സമയപരിധിക്കുള്ളിൽ തെരഞ്ഞെടുപ്പ് നടത്തുമെന്നുറപ്പിച്ച്, പാർട്ടി നേതൃത്വത്തോട് ഒരു കൈ നോക്കാൻ ഗ്രൂപ്പ് വ്യത്യാസമില്ലാതെ യൂത്ത് കോൺഗ്രസുകാർ.

പോഷക സംഘടനകളുടെ തെരഞ്ഞെടുപ്പ് എല്ലാക്കാലത്തും കെപിസിസിക്കുണ്ടാക്കുന്ന തലവേദന നിസാരമല്ല. ഇക്കുറി കെ എസ് യുവിലെയും മഹിളാ കോൺഗ്രസിലെയും പ്രശ്നങ്ങൾ വല്ലവിധേനയും ഒഴിഞ്ഞു പോയപ്പോഴാണ്, പരസ്പര വൈരികളായ രണ്ട് കക്ഷികൾ ഏറ്റുമുട്ടുന്നതു പോലെ ഗ്രൂപ്പ് യോഗങ്ങളും പണക്കൊഴുപ്പും അരങ്ങ് തകർക്കുന്ന യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ്. തെരുവിൽ കണക്കു തീർക്കുന്നതായിരുന്നു മുൻ ശൈലി. ഇത്തവണ അത്രയിടം വരെ എത്തിയിട്ടില്ല എന്നതു മാത്രമാണ് ഏക ആശ്വാസം.

പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട വഞ്ചനക്കേസിലെ തന്റെ അറസ്റ്റിനെതിരെ പ്രതിഷേധവുമായി ആദ്യം രംഗത്തു വരേണ്ട പോഷക സംഘടന, തങ്ങളെ ബാധിക്കുന്ന വിഷയമേയല്ല എന്ന മട്ടിൽ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിനുള്ള ഗ്രൂപ്പ് യോഗങ്ങളിലും മറ്റും വ്യാപൃതരായതാണ് കെ സുധാകരനെ ചൊടിപ്പിച്ചത്. ഒരു പന്തം കൊളുത്തി പ്രകടനം പോലും ഒരു ജില്ലയിലും ഒരു മണ്ഡലത്തിലും യൂത്ത് കോൺഗ്രസുകാർ സംഘടിപ്പിച്ചില്ല. മുൻ പ്രസിഡന്റ് എന്ന നിലയിൽപ്പോലും രണ്ടു വരി പ്രസ്താവന ഷാഫി പറമ്പിലിന്റേതായി എങ്ങും പ്രത്യക്ഷപ്പെട്ടില്ല. അതേസമയം, പേരിനെങ്കിലും മഹിളാ കോൺഗ്രസുകാർ പ്രതിഷേധവുമായി രംഗത്തുവരികയും ചെയ്തു.

അംഗങ്ങളെ ചേർത്തു കൊണ്ടുള്ള തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ 28 ന് തുടങ്ങാനിരിക്കെ, അത് നീട്ടിവയ്പിക്കാനുള്ള തന്ത്രങ്ങളിലാണ് സുധാകരൻ. ഒപ്പം, പ്രതിപക്ഷ നേതാവ് വിഡി സതീശനുമുണ്ട്. എന്നാൽ, അംഗങ്ങളെ ചേർക്കുന്നതടക്കമുള്ള എല്ലാ കാര്യങ്ങളും ഏറെ മുന്നോട്ടു പോയതിനാൽ, ഇനി പുനരാലോചനയുടെ പ്രശ്നമില്ല എന്നിടത്താണ് യൂത്ത് കോൺഗ്രസ് ഗ്രൂപ്പുകൾ.

Eng­lish Sum­ma­ry: Youth Con­gress and KPCC
You may also like this video

Exit mobile version