കെപിസിസി നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച് യൂത്ത് കോൺഗ്രസിന്റെ രാഷ്ട്രീയ പ്രമേയം. ആലപ്പുഴയിൽ സമാപിച്ച യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന പഠന ക്യാമ്പിലായിരുന്നു പ്രമേയം അവതരിപ്പിച്ചത്. മിടുക്കരായ യുവാക്കളെ സംഘടനാ തലപ്പത്ത് എത്തിക്കാൻ കെപിസിസി നേതൃത്വം പരാജയപ്പെടുകയാണ്. പരിചയ സമ്പന്നരല്ലാത്ത നേതാക്കളാണ് ഇപ്പോഴത്തെ അപചയത്തിന് കാരണമെന്നും യൂത്ത് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. അതിനാൽ പ്രായപരിധി 35 ൽ നിന്നും 40 ആക്കി ഉയർത്തണമെന്നും സംഘടനാ ചുമതലയുള്ള സംസ്ഥാന ജനറല്‍ സെക്രട്ടറി ജോമോന്‍ ജോസ് അവതരിപ്പിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
കാലോചിതമായ മാറ്റം കോൺഗ്രസിൽ ഉണ്ടാകേണ്ടതുണ്ടെന്ന് ക്യാമ്പ് വിലയിരുത്തി. യൂത്ത് കോൺഗ്രസിൽ ജില്ലാ നേതാക്കളുടെ തെരഞ്ഞെടുപ്പ് കാലാകാലങ്ങളായി നീണ്ടുപോകുകയാണ്. കോൺഗ്രസിനുള്ളിൽ സംഘടനയുടെ പ്രവർത്തനങ്ങൾ വിലയിരുത്താൻ ആരുമില്ല.
സംസ്ഥാന നേതൃത്വത്തിലേക്ക് യുവാക്കളെ എത്തിക്കുന്നതിൽ കോൺഗ്രസ് പരാജയപ്പെടുകയാണെന്നും പ്രമേയം കുറ്റപ്പെടുത്തുന്നു. വരുന്ന തെരഞ്ഞെടുപ്പുകളിൽ യുവാക്കളുടെ പ്രാതിനിധ്യം വേണം. സംഘടനാ ഭാരവാഹിത്വം ചിലർ അലങ്കാരമായി കൊണ്ടുനടക്കുന്നുണ്ട്. അത്തരക്കാരെ മാറ്റി നിർത്തണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. വയനാടിനായി പിരിച്ച പണം എവിടെയെന്ന ചോദ്യവും ക്യാമ്പില്‍ ഉയര്‍ന്നു. മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിന്റെ പേരിൽ എത്ര രൂപ പിരിച്ചെന്നും എന്ത് ചെയ്തെന്നുമുള്ള കണക്ക് അവതരിപ്പിക്കണമെന്നും വയനാട്ടില്‍ നിന്നുള്ള പ്രവര്‍ത്തകന്‍ ആവശ്യപ്പെട്ടു.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന് പിന്നാലെ ഉയർന്ന ക്യാപ്റ്റൻ‑മേജർ വിളികൾ നാണക്കേടാണെന്ന രൂക്ഷവിമർശനവും ക്യാമ്പിൽ ഉയർന്നു. നേതാക്കൾ അപഹാസ്യരാകരുതെന്ന് ചർച്ചയിൽ പ്രതിനിധികൾ ചൂണ്ടിക്കാണിച്ചു. ക്യാപ്റ്റനും മേജറുമൊക്കെ സൈന്യത്തിലാണെന്നും നിലവിലെ ചർച്ചകൾ കോൺഗ്രസിന് ഗുണകരമല്ലെന്നും വിമർശനം ഉയർന്നു. ജനത്തിന് അവമതിപ്പുണ്ടാക്കുന്ന ഇടപെടലുകൾ ഒഴിവാക്കണമെന്നും ഇത്തരം വിളികൾ പ്രോത്സാഹിപ്പിക്കുന്നത് നേതാക്കൾ തന്നെയാണെന്നും പ്രവര്‍ത്തകര്‍ ആരോപിച്ചു.

