യൂത്ത് കോൺഗ്രസ് ഭാരവാഹി തെരഞ്ഞെടുപ്പ് പണക്കൊഴുപ്പിന്റെ ആഘോഷമാക്കി സ്ഥാനാർത്ഥികളും അണികളും. മുൻ തെരഞ്ഞെടുപ്പുകളെ വെല്ലുംവിധമാണ് ഇക്കുറി പണത്തിന്റെ വിളയാട്ടമെന്ന് പാർട്ടിക്കാരും യൂത്ത്കോൺഗ്രസുകാരും ഒരുപോലെ സമ്മതിക്കുന്നു. അംഗത്വഫീസ് 50 രൂപ, മണ്ഡലം കമ്മിറ്റിയിലേക്ക് സ്ഥാനാർത്ഥിയാകാൻ 150, നിയമസഭാ മണ്ഡലം കമ്മിറ്റിയിലേക്ക് 500, ജില്ലാക്കമ്മിറ്റിയിലേക്ക് 5000, സംസ്ഥാന കമ്മിറ്റി ഭാരവാഹി സ്ഥാനങ്ങളിലേക്ക് 7500 രൂപ വീതം കെട്ടിവയ്ക്കാൻ ശേഷിയുള്ള ആർക്കും, സംഘടനയിലെ പ്രവർത്തന പരിചയം തുടങ്ങിയ മാനദണ്ഡങ്ങളുടെയൊന്നും തടസമില്ലാതെ സ്ഥാനാർത്ഥിയാകാം.
സംഘടനയുടെ ദേശീയ നേതൃത്വവും സംസ്ഥാന ഘടകങ്ങളിലെ തെരഞ്ഞെടുപ്പും അംഗത്വ വിതരണവുമൊക്കെ പണക്കൊയ്ത്തിനുള്ള അവസരമായാണ് കാണുന്നത്. തെരഞ്ഞെടുപ്പിന്റെ പേരിൽ വൻ തുക സ്വരൂപിക്കാനുള്ള ദേശീയനേതൃത്വത്തിന്റെ അത്യാർത്തിക്കെതിരെ, കൊച്ചിയിൽ വരണാധികാരിയോടെ പ്രവർത്തകർ പരസ്യമായി കയർത്ത സംഭവവുമുണ്ടായി. പല ജില്ലകളിലും ഇത്തരം പ്രതിഷേധങ്ങൾ അരങ്ങേറി. തൃശൂർ സംസ്ഥാന സമ്മേളനത്തോടെ പദവി ഒഴിയാനുള്ള സന്നദ്ധത നിലവിലെ പ്രസിഡന്റ് ഷാഫി പറമ്പിൽ അറിയിച്ചിരുന്നെങ്കിലും അത് പരിഗണിക്കാതെ, സംസ്ഥാന സമ്മേളനത്തിന് മുമ്പായിത്തന്നെ തെരഞ്ഞെടുപ്പിന്റെ നടപടികൾ ആരംഭിക്കാൻ ദേശീയ നേതൃത്വം കടുംപിടിത്തം പിടിച്ചതു തന്നെ ധനസമ്പാദനം ലക്ഷ്യമാക്കിയാണെന്നാണ് പ്രവർത്തകർക്കിടയിലെ സംസാരം.
സ്ഥാനാർത്ഥികൾക്കാണെങ്കിൽ, അംഗങ്ങളെ ചേർക്കുന്നതു തന്നെ വലിയ പണച്ചെലവുള്ള കാര്യമാണ്. മുൻ കാലങ്ങളിലെ തെരഞ്ഞെടുപ്പ് രീതിയിൽ നിന്ന് വ്യത്യസ്തമായി ഇക്കുറി കൂടുതൽ അംഗങ്ങളെ ചേർക്കുന്നയാളാണ് പ്രസിഡന്റാകാൻ യോഗ്യൻ. അംഗങ്ങളെ ചേർത്തതിന്റെ കണക്ക് അടിസ്ഥാനമാക്കി വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, സെക്രട്ടറി സ്ഥാനങ്ങളിലേക്കെത്തും. തെരഞ്ഞെടുപ്പ് ചെലവിലേക്ക് പണം കണ്ടെത്താൻ സ്ഥാനാർത്ഥികളിൽ ചിലർ വിദേശത്തു വരെ പിരിവ് നടത്തിയതായി ആരോപണങ്ങളുയർന്നു.
പതിവ് ഗ്രൂപ്പ് സമവാക്യങ്ങളെയാകെ പൊളിച്ചെഴുതുന്നതാണ് ഇത്തവണത്തെ യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് എന്ന പ്രത്യേകതയുമുണ്ട്. അവസാന നിമിഷം വരെ പരസ്പരം പയറ്റിയ, എ ഗ്രൂപ്പിലെ മൂന്ന് പേരിൽ നിന്ന് ഒരാൾ സ്ഥാനാർത്ഥിയായെങ്കിലും തിരുവഞ്ചൂർ രാധാകൃഷ്ണനും ടി സിദ്ധിഖിനുമൊക്കെ സ്വന്തം സ്ഥാനാർത്ഥികളുണ്ട്. ഉമ്മൻ ചാണ്ടി ബ്രിഗേഡ് പുറമെയുണ്ട്. ഐ വിഭാഗക്കാരൻ അധ്യക്ഷനാകാൻ മത്സര രംഗത്തുണ്ടെങ്കിലും, കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും രമേശ് ചെന്നിത്തലയ്ക്കും നോമിനികളുണ്ട്. ആരെയും പിന്താങ്ങില്ലെന്ന് സുധാകരനും സതീശനും ആവർത്തിക്കുന്നുമുണ്ട്. അധ്യക്ഷസ്ഥാനത്തേക്ക് മൂന്ന് വനിതകളടക്കം 14 പേരും ജനറല്‍ സെക്രട്ടറിമാരായി 45 പേരും വേണ്ടിടത്ത് 219 പേരാണ് രംഗത്തുള്ളത്.
English Summary: Youth Congress Election; A wave of money
You may also like this video