കോണ്‍ഗ്രസ് നേതൃത്വത്തിെനെതിരെ ഗുരുതര ആരോപണങ്ങളുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി പി ദുല്‍ഖിഫില്‍.ചില നേതാക്കളെ ഫ്യൂഡല്‍ മാടമ്പിമാര്‍ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.സീറ്റ് വിതരണത്തിലെ അശാസ്ത്രീയതയും വർഷങ്ങളായി പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചവരെ അവഗണിക്കുന്ന നിലപാടുമാണ് യൂത്ത് കോൺഗ്രസ് നേതാവ് ചോദ്യം ചെയ്തത്.പാർട്ടിക്ക് വേണ്ടി അടികൊണ്ടവർക്കും ജയിലിൽ കിടന്നവർക്കും സീറ്റില്ല എന്ന് വി പി ദുൽഖിഫിൽ പറഞ്ഞു.
അടികൊണ്ട എണ്ണവും ജയിലിൽ പോയ ദിവസങ്ങളുടെ എണ്ണവും ഹരിച്ചു നോക്കിയാൽ അഞ്ച് ശതമാനം സീറ്റുപോലും കൊടുക്കാൻ നേതൃത്വം തയ്യാറായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, ഇരുപതും മുപ്പതും വർഷം മത്സരിച്ചവർക്ക് തന്നെ വീണ്ടും സീറ്റ് കൊടുക്കാൻ നേതൃത്വത്തിന് മടിയില്ല. വോട്ടില്ലാത്തവർക്ക് വീട്ടിൽ പോയി ഷാൾ അണിയിച്ച് സ്ഥാനാർഥിത്വം കൊടുക്കാൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.സ്ഥാനാർത്ഥി നിർണ്ണയത്തിലെ പാളിച്ചകളെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. വോട്ടർ പട്ടികയിൽ പേരില്ലാത്ത ആളെ പിടിച്ച് സ്ഥാനാർഥിയാക്കിയപ്പോൾ എന്ത് പക്വതയാണ് നേതൃത്വം കാണിച്ചത് എന്ന് അദ്ദേഹം ചോദ്യം ചെയ്തു.
സ്കൂൾ തിരഞ്ഞെടുപ്പിൽ കെഎസ്‌യു പ്രവർത്തകർ ഇതിനേക്കാൾ ജാഗ്രത കാണിക്കുമെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പരിഹസിച്ചു.പാർട്ടിക്കുള്ളിൽ അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നതിനെക്കുറിച്ചും ദുൽഖിഫിൽ മുന്നറിയിപ്പ് നൽകി.മുഖത്ത് നോക്കി അഭിപ്രായങ്ങൾ പറഞ്ഞാൽ എന്ത് വില കൊടുത്തും അവനെ അവസാനിപ്പിക്കും എന്ന അവസ്ഥയാണ് നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.എന്നാൽ, ഈ വിഷയത്തിൽ പിന്നോട്ട് പോകാൻ താൻ തയ്യാറല്ലെന്ന് വി പി ദുൽഖിഫിൽ വ്യക്തമാക്കി. നേതൃത്വം അച്ചടക്കത്തിന്റെ വാളുമായി വരേണ്ടതില്ല എന്നും ഇതിനെതിരെ പോരാടാൻ തന്നെയാണ് തന്റെ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

