സംസ്ഥാനത്ത് അധ്യക്ഷനെ കണ്ടെത്താനാവാതെ ഇരുട്ടിൽത്തപ്പി യൂത്ത്കോൺഗ്രസ് ദേശീയ നേതൃത്വവും. സ്വന്തം വിശ്വസ്തർക്കായി മുതിർന്ന നേതാക്കൾ കടുംപിടിത്തം തുടരുന്നതും രൂക്ഷമായ ഗ്രൂപ്പ് പോരുമാണ് ദേശീയ നേതൃത്വത്തിന്റെ ഇടപെടലുകൾ ലക്ഷ്യത്തിലെത്താതെ പോകുന്നതിന്റെ കാരണങ്ങൾ.
പല തവണ ചർച്ച നടത്തിയിട്ടും അഭിപ്രായ സമന്വയത്തിലെത്താൻ കഴിയാത്തതിൽ ഏതാണ്ട് മടുത്ത മട്ടിലാണ് ദേശീയനേതൃത്വം. അവധി പലതായി. ഒരു പ്രാവശ്യം കൂടി കേരള നേതാക്കളുമായി ചർച്ച നടത്താനും അതിലും സമവായമുണ്ടാക്കാൻ കഴിഞ്ഞില്ലെങ്കിൽ രണ്ടാഴ്ചയ്ക്കുള്ളിൽ ഏകപക്ഷീയമായി അധ്യക്ഷനെ പ്രഖ്യാപിക്കാനുമാണ് ഇപ്പോഴത്തെ ആലോചന. അധ്യക്ഷസ്ഥാനത്തേക്ക് ഉയർന്നിട്ടുള്ളത് പല പേരുകളാണ്. ഓരോ പേരിന്റെയും പിന്നിൽ മുതിർന്ന നേതാക്കളോ ഗ്രൂപ്പുകളോ ആണ് നിലയുറപ്പിച്ചിട്ടുള്ളത്. എല്ലാവർക്കും അവരുടേതായ അവകാശ വാദങ്ങളുമുണ്ട്.
പ്രസിഡന്റായിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ പുറത്തായി ഒരു മാസത്തോളമായിട്ടും പകരക്കാരനെ കണ്ടുപിടിക്കാൻ കഴിയാത്ത ഗതികേടിനെച്ചൊല്ലി അണികളിലും അതൃപ്തി രൂക്ഷമാവുകയാണ്. സമൂഹ മാധ്യമങ്ങളാണ് വിഴുപ്പലക്കലിനുള്ള അരങ്ങ്. ഒന്നുകിൽ അധ്യക്ഷനെ ഉടൻ തീരുമാനിക്കുക, അല്ലെങ്കിൽ സംഘടന പിരിച്ചു വിടുക എന്നായിരുന്നു ഒരു സംസ്ഥാന സെക്രട്ടറിയുടെ ഫേസ്ബുക്ക് വഴിയുള്ള ആവശ്യം. വയനാട് മുള്ളൻ കൊല്ലിയിലെ കോൺഗ്രസ് വാർഡ് പ്രസിഡന്റിനെ ഗ്രൂപ്പ് ശത്രുതയുടെ പേരിൽ ജയിലിൽക്കയറ്റിയതുപോലെ രാഹുൽ മാങ്കൂട്ടത്തിലിനെയും വിഭാഗീയതയുടെ ഇരയാക്കുകയായിരുന്നു എന്നാണ് രാഹുൽ പക്ഷത്തിന്റെ സമൂഹ മാധ്യമങ്ങളിലെ ആരോപണം.
ഈ ചേരി മുഖ്യമായും ലക്ഷ്യം വയ്ക്കുന്നത് പ്രതിപക്ഷ നേതാവ് വി ഡി സതീശനെയുമാണ്. സതീശൻ നടത്തിയ ഗൂഢാലോചനയുടെ ഇരയാണ് രാഹുലെന്നായിരുന്നു പ്രധാന കുറ്റപ്പെടുത്തൽ. കോൺഗ്രസിന്റെ പേരിലുള്ള സൈബർ ഹാൻഡിലുകളിൽ നിന്നാണ് ആക്ഷേപങ്ങളിൽ അധികവും എന്നത് വിഷയത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. തുടർച്ചയായി സതീശനെതിരെ ആക്രമണമുണ്ടായിട്ടും കോൺഗ്രസിലെ ഉത്തരവാദപ്പെട്ട നേതാക്കളാരും അതിനെ ചെറുക്കാൻ രംഗത്തെത്തിയല്ല താനും. അതോടെ, സ്വയം പ്രതിരോധത്തിന് സതീശന് തന്നെ കളത്തിലിറങ്ങേണ്ടിവന്നു. ഇതിന് പിന്നാലെ, ആക്രമണത്തിന് മൂർച്ച കൂടി. ഇതോടെ, ഇപ്പോൾ ഇതല്ല കോൺഗ്രസുകാരുടെ അജണ്ട എന്ന് പരസ്യമായി ഓർമിപ്പിച്ച് വർക്കിങ് പ്രസിഡന്റ് ഷാഫി പറമ്പിലും രംഗത്തെത്തി. ഇതു കൊണ്ടും ആക്രോശങ്ങൾക്കും വെല്ലുവിളികൾക്കും ശമനമുണ്ടായിട്ടില്ല. രാഹുൽ വിഷയവുമായി ബന്ധപ്പെട്ട് ഓരോ വാർത്ത പുറത്തു വരുമ്പോഴും ഫേസ്ബുക്ക് പോസ്റ്റുകളുടെ എണ്ണവും കൂടുകയാണ്.
യൂത്ത് കോൺഗ്രസ് അധ്യക്ഷ പദം: ഇരുട്ടിൽത്തപ്പി ദേശീയ നേതൃത്വം

