Site iconSite icon Janayugom Online

യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷപദം: അതൃപ്തി പരസ്യമാക്കി

പുതിയ അധ്യക്ഷനെ പ്രഖ്യാപിച്ചെങ്കിലും തലവേദന വിട്ടൊഴിയാതെ യൂത്ത് കോൺഗ്രസ്. അതൃപ്തി പരസ്യമാക്കി അധ്യക്ഷ സ്ഥാനം സ്വപ്നം കണ്ട അബിൻ വർക്കി രംഗത്തെത്തിയതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. ദേശീയ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കാൻ താല്പര്യമില്ലെന്ന സൂചനയാണ് അബിൻ വർക്കി നൽകിയത്. അധ്യക്ഷസ്ഥാനം ലഭിക്കാത്തതിലുള്ള പ്രതിഷേധം തുറന്നുപറഞ്ഞ അബിൻ തന്റെ പ്രവർത്തന കേന്ദ്രം കേരളം തന്നെയായിരിക്കുമെന്നാണ് പ്രതികരിച്ചത്. കേരളത്തിൽ നിന്ന് മാറി നിന്നാൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കില്ലെന്ന ഭയവും അബിന് ഉണ്ട്. അബിനെ ഒഴിവാക്കിയതിൽ രമേശ് ചെന്നിത്തലയും കടുത്ത പ്രതിഷേധത്തിലാണ്. കെ എം അഭിജിത്തിനെ പ്രസിഡന്റാക്കാത്തതിൽ എ ഗ്രൂപ്പിനും അമർഷമുണ്ട്. 

സംഘടനാ തെരഞ്ഞെടുപ്പിൽ എ ഗ്രൂപ്പ് പ്രതിനിധിയായി മത്സരിച്ചാണ് രാഹുൽ മാങ്കൂട്ടത്തിൽ പ്രസിഡന്റായത്. രാഹുൽ രാജിവച്ച ഒഴിവിൽ എ ഗ്രൂപ്പ് നോമിനി തന്നെ വേണമെന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാൽ തെരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്തെത്തിയ അബിൻ വർക്കിയെ പ്രസിഡന്റാക്കണമെന്ന് ഐ ഗ്രൂപ്പും ശക്തമായ നിലപാടുയർത്തി. അവസാനനിമിഷം വരെ അബിന്റെ പേരിന് മുൻതൂക്കമുണ്ടായിരുന്നെങ്കിലും സാമുദായിക സന്തുലനത്തെ ബാധിക്കുമെന്നതിന്റെ പേരിൽ തൃശൂരിൽ നിന്നുള്ള ഒ ജെ ജനീഷിനെ പരിഗണിക്കുകയായിരുന്നു. ഇതുകൊണ്ട് കൂടിയാണ് സാമുദായിക അടിസ്ഥാനത്തിലാണോ താൻ തഴയപ്പെട്ടതെന്നതിൽ നേതൃത്വമാണ് മറുപടി പറയേണ്ടതെന്ന അബിന്റെ പ്രതികരണം. ക്രിസ്ത്യാനി ആയത് പ്രശ്നം ആണോ എന്ന് അറിയില്ലെന്നും പാർട്ടി അങ്ങനെ കാണുന്നുണ്ടോ എന്നറിയില്ലെന്നും അബിൻ കോഴിക്കോട്ട് പറഞ്ഞു. ജനീഷിനെ അധ്യക്ഷനായി തീരുമാനിച്ചതോടെ പരിഗണിക്കപ്പെട്ട മറ്റ് മൂന്നുപേർക്ക് പദവി നൽകി ആശ്വസിപ്പിക്കാനുള്ള നീക്കമാണ് ദേശീയ നേതൃത്വം നടത്തിയത്. ബിനു ചുള്ളിയിലിനെ വർക്കിങ് പ്രസിഡന്റാക്കിയപ്പോൾ അബിൻ വർക്കിക്കും കെ എം അഭിജിത്തിനും ദേശീയ സെക്രട്ടറി സ്ഥാനം നൽകുകയായിരുന്നു.

Exit mobile version