വയനാട് ചൂരൽ മല — മുണ്ടക്കൈ ദുരന്തബാധിതരുടെ പേരിൽ ഭവന നിർമ്മാണത്തിന്നായി ജനങ്ങളിൽനിന്ന് കോടികൾ പിരിച്ചെടുത്ത ശേഷം വാഗ്ദാന ലംഘനം നടത്തിയ യൂത്ത് കോൺഗ്രസ് പരസ്യമായി മാപ്പ് പറയണമെന്ന് എ ഐ വൈ എഫ്. മുൻപ് വയനാട് ദുരന്തബാധിതർക്ക് യൂത്ത് കോൺഗ്രസ് പ്രഖ്യാപിച്ച ഭവനപദ്ധതിക്ക് വേണ്ടി പിരിച്ച കോടികളെ സംബന്ധിച്ച് ആലപ്പുഴയിൽ നടന്ന സംസ്ഥാന രാഷ്‌ട്രീയ പരിശീലന ക്യാമ്പിൽ വിമർശനമുയർന്നപ്പോൾ പല നേതാക്കളും ഫണ്ട് പിരിവിന്റെ കണക്കുകൾ ആവശ്യപ്പെട്ടെങ്കിലും മറുപടി നൽകാൻ പോലും കഴിയാത്ത ഗതി കേടിലായിരുന്നു നേതൃത്വം. 2024 ആഗസ്‌റ്റിൽ ദുരിതബാധിതർക്കായി 30 വീട് നിർമിച്ചുനൽകുമെന്ന വാഗ്ദാനത്തിന്റെ ഭാഗമായി നിയോജകമണ്ഡലം കമ്മിറ്റികൾ ചേർന്ന് 2.40 കോടി പിരിച്ചുനൽകാനായിരുന്നു നിർദേശം. പണം മുഴുവൻ ലഭിച്ചില്ലെന്നും 88 ലക്ഷം രൂപ മാത്രമാണ് സംസ്ഥാന കമ്മിറ്റിയുടെ അക്കൗണ്ടിലെത്തിയതെന്നും അന്നത്തെ സംസ്ഥാന പ്രസിഡന്റ് ആലപ്പുഴയിൽ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പുതിയ പ്രസിഡന്റ് വന്നതിന് ശേഷവും വീട് കൈമാറുന്നതുമായി ബന്ധപ്പെട്ട് യാതൊരു വിധ പ്രതികരണവും യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ നിന്ന് ഉണ്ടായിട്ടില്ല. ഏറ്റവും ഒടുവിൽ കെ പി സി സി ക്ക് ഒരു കോടി രൂപ കൈമാറുമെന്ന് പറഞ്ഞ് കൈ കഴുകുന്ന സമീപനമാണ് യൂത്ത് കോൺഗ്രസ് സ്വീകരിച്ചത്.
കേരള ജനത ഒറ്റക്കെട്ടായി നിന്ന് അധ്വാനമായും പണമായും സഹായങ്ങളായും ദുരിത ബാധിതരെ അകമഴിഞ്ഞ് സഹായിച്ച് കൊണ്ട് ദുരന്തത്തിന്റെ തീരാനോവില്‍നിന്ന് പ്രതീക്ഷയുടെയും അതിജീവനത്തിന്റെയും പാതയിലേക്ക് ജനകീയ മുന്നേറ്റത്തിന്റെ കരുത്തിൽ ഒരു ജനതയെ തിരിച്ചെത്തിക്കാനുള്ള ശ്രമം നടത്തുമ്പോൾ ദുരിത ബാധിതരുടെ പേരിൽ കോടികൾ പിരിച്ച് വഞ്ചന നടത്തിയ യുവജന സംഘടനയുടെ കാപട്യം കേരള ജനത തിരിച്ചറിയും. അത് പോലെ കോൺഗ്രസ് പ്രഖ്യാപിച്ച വീടുകളുടെ നിർമാണം ഡിസംബർ 28ന് തുടങ്ങുമെന്നായിരുന്നു തദ്ദേശതെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കല്പറ്റ എം എൽ എ ടി സിദ്ദിഖ് പ്രഖ്യാപിച്ചത്. സ്ഥലത്തിന്റെ അഡ്വാൻസ് കൈമാറിയെന്നും കോണ്ടൂർ മാപ്പിങ് പൂർത്തിയാകുന്നുവെന്നും ഡിസൈനിങ്ങിന് ടീമിനെ തെരഞ്ഞെടുത്തുവെന്നും തട്ടി വിട്ട എം എൽ എ ഏറ്റവും ഒടുവിൽ ജനുവരി 10 ന് എന്തെങ്കിലും പറയാമെന്ന് പറഞ്ഞു ഒഴിഞ്ഞു മാറുകയാണ് ചെയ്തത്. സുൽത്താൻ ബത്തേരിയിൽ നടന്ന കെപിസിസി നേതൃക്യാമ്പിലും വിഷയം ചർച്ചക്ക് പോലും വന്നില്ല. ഉരുൾ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടവരുടെ പുനരധിവാസം ഏറ്റവും മാതൃക പരമായ രീതിയിൽ തന്നെ പൂർത്തീകരിക്കുവാൻ സംസ്ഥാന സർക്കാർ ശ്രമിക്കുകയും പൊതു സമൂഹം അതിനെ പരിപൂർണ്ണമായും പിന്തുണക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ യൂത്ത് കോൺഗ്രസ് നടത്തിയ നെറികെട്ട സമീപനം കേരള ജനത തിരിച്ചറിയുമെന്ന് എ ഐ വൈ എഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോൻ തൃശൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്‍റ് പ്രസാദ് പാറേരി, ജില്ലാ പ്രസിഡന്‍റ് ബിനോയ് ഷബീര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

