സംസ്ഥാന യൂത്ത് കോണ്‍ഗ്രസിന്റെ സമൂഹ മാധ്യമ കമ്മിറ്റി പിരിച്ചു വിട്ടു. ലൈഗീകാരോപണത്തില്‍ പെട്ട സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പ്രസിഡന്റ് സ്ഥാനത്തു നിന്നും മാറ്റിയതിന് പിന്നാലെയാണ് നടപടി. പഴയ കമ്മിറ്റി മുഴുവനായി നീക്കിയാണ് പുതിയ കമ്മിറ്റി രൂപീകരിക്കുന്നതെന്നും ദേശിയ കമ്മിറ്റി അറിയിച്ചു, പിരിച്ചുവിട്ട കാര്യം ദേശീയ പ്രസിഡന്റ് മനു ജെയിന്‍ സംസ്ഥാന നേതൃത്വത്തെ അറിയിച്ചതായിട്ടാണ് റിപ്പോര്‍ട്ട്.
യൂത്ത് കോണ്‍ഗ്രസിന്റെ യുട്യൂബ്, ഫെയ്സ് ബുക്ക്, ഇന്‍സ്റ്റഗ്രാം പേജുകള്‍ അടക്കം മുഴുവന്‍ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളും കൈകാര്യം ചെയ്തിരുന്നത് ഈ കമ്മിറ്റിയായിരുന്നു. 12 പേരടങ്ങുന്ന കമ്മിറ്റിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ അനുകൂലികളാണ് ഉണ്ടായിരുന്നത്. രാഹുലിനെതിരെ ഗുരുതര ആരോപണങ്ങൾ ഉയർന്നപ്പോൾ സൈബർ ഇടത്തിൽ സംരക്ഷിക്കാനും, ഇരകളെ അധിക്ഷേപിക്കാനും ഇവരാണ് വ്യാജ അക്കൗണ്ടുകളിലൂടെ ശ്രമിച്ചത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഗത്യന്തരമില്ലാതെ രാഹുലിനെതിരെ സ്വരം കടുപ്പിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെയും ഇവർ സൈബറാക്രമണം നടത്തിയിരുന്നു. സൈബർ ആക്രമണവും അധിക്ഷേപവും കൊണ്ട് പൊറുതി മുട്ടിയതോടെയാണ് കമ്മിറ്റി മൊത്തം പൂട്ടിക്കെട്ടാൻ ദേശീയ നേതൃത്വം തീരുമാനിച്ചത്.

