Site iconSite icon Janayugom Online

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥി; എ ഗ്രൂപ്പില്‍ ഉമ്മന്‍ചാണ്ടിയുടെ നിര്‍ദ്ദേശം തളളി , സതീശന്‍-ഷാഫി അച്ചുതണ്ട് പിടിമുറുക്കി

കെപിസിസി പ്രസിഡന്‍റ് കെസുധാകരനും,പ്രതിപക്ഷ നേതാവ് വി ഡി സതീശനുമെതിരെ എ ഐ ഗ്രൂപ്പുകള്‍ ഒന്നിച്ചു നിന്നു വാളോങ്ങുമ്പോള്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ എ ഐ ഗ്രൂപ്പുകള്‍ പരസ്പരംപോരടിക്കുകയും, എ ഗ്രൂപ്പിനുള്ളില്‍ നിന്ന് പ്രതിഷേധവും, വിമതസ്വരവുമായി ഒരു വിഭാഗവും രംഗത്ത്.

ഉമ്മന്‍ചാണ്ടിയുടെ ആഗ്രഹത്തെ തള്ളിപ്പറ‍ഞ്ഞാണ് എ ഗ്രൂപ്പിന്‍റെ പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിയായിട്ടാണ് രാഹുല്‍മാങ്കൂട്ടത്തിലിനെ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഉമ്മന്‍ചാണ്ടി നിര്‍ദ്ദേശിച്ചത് ജെ എസ് അഖിലിനെയാണ്. മുമ്പു കെ എസ് യു സംസ്ഥാന പ്രസിഡന്‍റ് സ്ഥാനത്തേക്ക് കെ എം അഭിജിത്തിനുവേണ്ടി മാറി കൊടുത്തത് അഖിലാണ്. രണ്ടു പേരും എ ഗ്രൂപ്പുകാരുമാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് അഖിലിനെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിയായി ഉമ്മന്‍ചാണ്ടി മനസില്‍ കണ്ടിരുന്നത്.

ഗ്രൂപ്പിന്‍റെ പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് മാരത്തോണ്‍ചര്‍ച്ചകളാണ് നടന്നത്. ജെ എസ് അഖില്‍,കെ എം അഭിജിത്ത്, രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നിവരെയാണ് എ ഗ്രൂപ്പ് യൂത്ത്കോണ്‍ഗ്രസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് പരിഗണിച്ചത്.അതില്‍ അഖിലിനെയാണ് ഉമ്മന്‍ചാണ്ടിക്ക് കൂടുതല്‍ താല്‍പര്യമെന്നാണ് പറഞ്ഞു കേട്ടിരുന്നത്. 

എന്നാല്‍ നിലവിലെ യൂത്ത്കോണ്‍ഗ്രസ് പ്രസിഡന്‍റ് ഷാഫി പറമ്പില്‍ രാഹുലിനുവേണ്ടിയാണ് നിലയുറപ്പിച്ചത്. ഷാഫി എ ഗ്രൂപ്പിന്‍റെ പ്രതിനിധിയായിട്ടാണ് പ്രസിഡന്‍റ് ആയതെങ്കിലും ഇപ്പോള്‍ പ്രതിപക്ഷനേതാവ് വി ഡി സതീശനുമായി ഏറെ അടുപ്പമുള്ളആളാണ്.സതീശന്‍-ഷാഫി കൂട്ടുകെട്ടിലാണ് എ ഗ്രൂപ്പിന്‍രെ സ്ഥാനാര്‍ത്ഥിയായി മാങ്കൂട്ടത്തില്‍ എത്തിയത്.

എ ഗ്രൂപ്പു നേതാക്കളായ എം എം ഹസന്‍,കെ സി ജോസഫ്, ബന്നി ബഹന്നാന്‍, പി സി വിഷ്ണുനാഥ് എന്നിവരുടെ നേതൃത്വത്തില്‍ വലിയ ചര്‍ച്ചകളാണ് നടന്നത്. എന്നിട്ടും തീരുമാനമൊന്നുമായില്ല. എന്നാല്‍ അവസാനം ഷാഫിയുടെ കടുംപിടുത്തത്തില്‍ ഗ്രൂപ്പ് വഴങ്ങുകയായിരുന്നു.

ഐ ഗ്രൂപ്പിൽനിന്ന്‌ ചെന്നിത്തലയുടെ നോമിനിയായി അബിൻ വർക്കിയും കെ സി വേണുഗോപാലിന്റെ അനുയായി ബിനു ചുള്ളിയിലും മത്സരരംഗത്തുണ്ടാകും.പുതിയ സാഹചര്യത്തിൽ എ ഗ്രൂപ്പിൽനിന്ന്‌ നാലുപേർ വിമത സ്ഥാനാർഥികളാകും. ദുൽഖി ഫിൽ, എസ്‌ പി അനീഷ്‌, വിഷ്‌ണു സുനിൽ പന്തളം, അനുതാജ്‌ എന്നിവരാണ്‌ എ ഗ്രൂപ്പിൽനിന്ന്‌ മത്സരിക്കുക.എ ഗ്രൂപ്പിൽനിന്നുള്ള പരമാവധി വോട്ടുകൾ നേടി രാഹുലിന്റെ പരാജയമുറപ്പാക്കുകയാണ്‌ വിമതരുടെ ലക്ഷ്യം.

Eng­lish Summary:
Youth Con­gress State Pres­i­dent Can­di­date; In Group A, Oom­men Chandy’s pro­pos­al failed, Satheesan-Shafi axis took hold

You may also like this video: 

Exit mobile version