Site icon Janayugom Online

സമരവീര്യവുമായി യുവത മുന്നോട്ട്; എഐവൈഎഫ് സേവ് ഇന്ത്യാ മാർച്ചിന് ആവേശ സ്വീകരണം

കടുത്ത വേനലിനും ഇടയ്ക്കെത്തിയ ശക്തമായ മഴപ്പെയ്ത്തിനും തളർത്താനാകാത്ത സമരവീര്യവുമായി യുവത മുന്നോട്ട്.
ഒരുമിച്ച് നടക്കാം വർഗീയതയ്ക്കെതിരെ ഒന്നായി പൊരുതാം തൊഴിലിന് വേണ്ടി എന്ന മുദ്രാവാക്യമുയർത്തി എഐവൈഎഫ് സംഘടിപ്പിച്ച സേവ് ഇന്ത്യാ മാർച്ച് ആവേശത്തിരയിളക്കി പര്യടനം തുടരുന്നു. സ്വീകരിക്കാനും ഒപ്പം നടക്കാനുമെത്തുന്നത് നൂറുകണക്കിനുപേർ. എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ ക്യാപ്റ്റനായി മേയ് 15ന് കാസർകോട് നിന്നാരംഭിച്ച വടക്കൻ മേഖലാ ജാഥ മലപ്പുറം, സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ ക്യാപ്റ്റനായുള്ള തെക്കൻ മേഖലാ ജാഥ കോട്ടയം ജില്ലകളിൽ പര്യടനം നടത്തി.
കൊണ്ടോട്ടിയിൽ നിന്ന് ആരംഭിച്ച വടക്കൻ മേഖലാ ജാഥയ്ക്ക് ആവേശോജ്വല സ്വീകരണമാണ് ലഭിച്ചത്. സ്വീകരണ സമ്മേളനം സിപിഐ ജില്ലാ സെക്രട്ടറി പി കെ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. 

തുടർന്ന് മൊറയൂർ, വള്ളുവമ്പ്രം, ആലത്തൂർപടി എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം മലപ്പുറത്ത് സമാപിച്ചു. വിവിധ കേന്ദ്രങ്ങളിൽ ജാഥാ ക്യാപ്റ്റന് പുറമേ ഡയറക്ടർ കെ കെ സമദ്, കെ ഷാജഹാൻ, പ്രസാദ്, വിനീത വിൻസെന്റ്, എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി പി കബീർ, സിപിഐ സംസ്ഥാന കൗൺസിൽ അംഗം അജിത് കൊളാടി, മലപ്പുറം മണ്ഡലം സെക്രട്ടറി മുസ്തഫ കൂത്രാടൻ തുടങ്ങിയവർ സംസാരിച്ചു. ജാഥ ഇന്നും ജില്ലയിൽ പര്യടനം തുടരും. വിവിധ യൂണിറ്റുകളിൽ നിന്ന് സമാഹരിച്ച പഠനോപകരണങ്ങൾ കൈമാറി. 

കോട്ടയം കൊടുങ്ങൂരിൽ നിന്നാണ് തെക്കൻ മേഖലാ ജാഥയുടെ ഇന്നലത്തെ പര്യടനം ആരംഭിച്ചത്. പൊതുസമ്മേളനം സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. വി ബി ബിനു ഉദ്ഘാടനം ചെയ്തു. വൈകിട്ട് പാലായിൽ സമാപിച്ചു. സമാപന സമ്മേളനം സിപിഐ സംസ്ഥാന എക്സിക്യൂട്ടീവംഗം സി കെ ശശിധരൻ ഉദ്ഘാടനം ചെയ്തു. സിബി ജോസഫ് അധ്യക്ഷനായി. വിവിധ കേന്ദ്രങ്ങളിൽ സിപിഐയുടെയും വർഗ ബഹുജന സംഘടനകളുടെയും നേതൃത്വത്തിൽ സ്വീകരണം നൽകി. ജാഥാ ക്യാപ്റ്റന് പുറമേ എസ് വിനോദ് കുമാർ, ആർ എസ് ജയൻ, ഭവ്യകണ്ണൻ, എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ് ആർ എസ് രാഹുൽരാജ്, വൈസ് പ്രസിഡന്റ് നന്ദു ജോസഫ്, ഷമ്മാസ്, രഞ്ജിത്ത് കുമാർ, നിഖിൽ ബാബു, ജിജോ ജോസഫ്, സിപിഐ സംസ്ഥാന കൗൺസിലംഗങ്ങളായ വി കെ സന്തോഷ് കുമാർ, ശുഭേഷ് സുധാകരൻ, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായ മോഹൻ ചേന്നംകുളം, ജോൺ വി ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു. 

Eng­lish Summary;Youth march for­ward with strug­gle; Enthu­si­as­tic wel­come to AIYF Save India March
You may also like this video

Exit mobile version