കറൻസിയുടെ മൂല്യം കുത്തനെ ഇടിഞ്ഞതിനെത്തുടർന്ന് ഇറാനിൽ ആരംഭിച്ച ജനകീയ പ്രക്ഷോഭം ശക്തിപ്രാപിക്കുന്നു. നാലുദിവസമായി തുടരുന്ന പ്രക്ഷോഭത്തിനിടെ പ്രതിഷേധക്കാരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. വെസ്റ്റേൺ ലോറെസ്താൻ പ്രവിശ്യയിലെ കൗദഷ്ത് നഗരത്തിൽ നടന്ന സംഘർഷത്തിലാണ് സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടത്. റെവല്യൂഷണറി ഗാർഡുമായി ബന്ധപ്പെട്ട പാരാമിലിട്ടറി വിഭാഗമായ ബസീജിലെ 21 വയസ്സുകാരനായ അംഗമാണെന്നും പ്രതിഷേധക്കാരുടെ കല്ലേറിൽ 13 പോലീസുകാർക്കും ബസീജ് അംഗങ്ങൾക്കു പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.
യുഎസ് ഡോളറിനെതിരെ ഇറാനിയൻ കറൻസിയുടെ മൂല്യം കുത്തനെ ഇടിഞ്ഞതാണ് പ്രതിഷേധങ്ങൾക്ക് കാരണമായത്. ടെഹ്‌റാനിലെ വ്യാപാരികൾ ആരംഭിച്ച പ്രതിഷേധം പിന്നീട് സർവകലാശാലാ വിദ്യാർത്ഥികൾ ഏറ്റെടുക്കുകയും രാജ്യത്തെ പ്രധാന നഗരങ്ങളിലേക്ക് വ്യാപിക്കുകയുമായിരുന്നു. ഭരണാധികാരികൾക്കെതിരായ മുദ്രാവാക്യങ്ങളുമായാണ് ജനങ്ങൾ തെരുവിലിറങ്ങുന്നത്. 2022‑ൽ മഹസ അമിനിയുടെ മരണത്തെത്തുടർന്നുണ്ടായ പ്രക്ഷോഭങ്ങൾക്ക് ശേഷമുള്ള ഏറ്റവും വ്യാപകമായ പ്രതിഷേധമാണിത്. എങ്കിലും നിലവിലെ പ്രക്ഷോഭങ്ങൾ അന്നത്തെ അത്രയും ശക്തമല്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇറാനിൽ യുവജന കലാപം തുടരുന്നു, സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു

