Site iconSite icon Janayugom Online

പാര്‍ലമെന്റിലേക്ക് ഉജ്ജ്വല യുവജന‑വിദ്യാര്‍ത്ഥി മാര്‍ച്ച്

വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മ പരിഹരിക്കുക, ഭഗത് സിങ് ദേശീയ തൊഴിലുറപ്പ് നിയമം പാസാക്കുക, ദേശീയ വിദ്യാഭ്യാസനയം പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് യുവജന‑വിദ്യാര്‍ത്ഥികള്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തി. എഐവൈഎഫും എഐഎസ്എഫും സംയുക്തമായി സംഘടിപ്പിച്ച മാര്‍ച്ചില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി പതിനായിരങ്ങള്‍ അണിനിരന്നു. രാംലീല മൈതാനത്തുനിന്നും ആരംഭിച്ച മാര്‍ച്ച് പാര്‍മെന്റ് സ്ട്രീറ്റില്‍ ബാരിക്കേഡുകളുയര്‍ത്തി പൊലീസ് തടഞ്ഞു. സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ യുവജന വഞ്ചകനാണ് നരേന്ദ്ര മോഡിയെന്ന് രാജ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

പ്രതിവര്‍ഷം രണ്ട് കോടി യുവതീയുവാക്കള്‍ക്ക് തൊഴില്‍ നല്‍കുമെന്ന് പറഞ്ഞുകൊണ്ട് അധികാരത്തിലേറിയ നരേന്ദ്ര മോഡി സര്‍ക്കാര്‍ സമസ്ത മേഖലകളിലും സ്വകാര്യവല്‍ക്കരണം നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണെന്ന് ഡി രാജ കുറ്റപ്പെടുത്തി. നാല്‍പ്പത്തഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ തൊഴിലില്ലായ്മാ നിരക്കിലേക്കാണ് ഇന്ത്യ നീങ്ങിക്കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം കേന്ദ്രസര്‍ക്കാര്‍ വിറ്റൊഴിച്ചുകൊണ്ടിരിക്കുകയാണെന്നും. അതുവഴി, നിരവധിപ്പേര്‍ക്കാണ് തൊഴില്‍ നഷ്ടമുണ്ടാവുന്നതെന്നും അദ്ദേഹം ആരോപിച്ചു.

എഐവൈഎഫ് പ്രസിഡന്റ് സുഖ്ജിന്ദര്‍ മഹേശ്വരി അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ആര്‍ തിരുമലൈ സ്വാഗതം പറഞ്ഞു. സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം, എഐഎസ് എഫ് ജനറല്‍ സെക്രട്ടറി വിക്കി മഹേശ്വരി, പ്രസിഡന്റ് ശുവം ബാനര്‍ജി, ടി ടി ജിസ്‌മോന്‍, എന്‍ അരുണ്‍, ബിബിന്‍ എബ്രഹാം, സയ്യിദ് വലിയുള്ള ഖാദിരി, ലെനിന്‍ നാക്കി തുടങ്ങിയവര്‍ സംസാരിച്ചു. കേരളത്തില്‍ നിന്നും നൂറുകണക്കിന് യുവജന വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികള്‍ മാര്‍ച്ചില്‍ പങ്കെടുത്തു.

Eng­lish Sum­ma­ry: Youth-Stu­dent March to Parliament
You may also like this video

 

Exit mobile version