Site iconSite icon Janayugom Online

ഗുണ്ടാ നിയമപ്രകാരം യൂട്യൂബറെ കരുതല്‍ തടങ്കലിലാക്കി; രൂക്ഷവിമര്‍ശനവുമായി മദ്രാസ് ഹൈക്കോടതി

അനധികൃത കരുതല്‍ തടങ്കലിനെതിരെ രൂക്ഷവിമര്‍ശനവുമായി മദ്രാസ് ഹൈക്കോടതി. ഗുണ്ടാ നിയമപ്രകാരം യൂട്യൂബറെ കരുതല്‍ തടങ്കലിലാക്കിയ പൊലീസ് നടപടിക്കെതിരെ ജസ്റ്റിസുമാരായ എസ്എം സുബ്രഹ്മണ്യം, വി ശിവജ്ഞാനം എന്നിവരാണ് രംഗത്തെത്തിയത്. ബസ് ടെര്‍മിനലിന്റെ ടെണ്ടര്‍ നടപടികളില്‍ ക്രമക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടി, സര്‍ക്കാരിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ വ്യാജ രേഖ പ്രചരിപ്പിച്ചെന്ന് ആരോപിച്ചാണ് യൂട്യൂബര്‍ ശങ്കറിനെ മെയ് 10ന് അറസ്റ്റ് ചെയ്തത്. എന്നാല്‍ ഇതിന് കാരണമായി പൊലീസ് ഹാജരാക്കിയ വീഡിയോ മെയ് 11നാണ് പ്രസിദ്ധീകരിച്ചത്. മാത്രമല്ല, ബസുകളുടെ സര്‍വ്വീസ് കുറവാണെന്ന് ആരോപിച്ച് യാത്രക്കാര്‍ പ്രതിഷേധിച്ചത് മെയ് പത്തിനാണെന്നും കോടതി ഉത്തരവ് പറയുന്നു. അതിനാല്‍ ക്രമസമാധാനപ്രശ്നം ഉണ്ടാക്കിയെന്ന് സ്ഥാപിക്കാനായില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. മാത്രമല്ല തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന് ഗുണ്ടാ നിയമപ്രകാരം കേസെടുക്കാനാകില്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. 

ശങ്കറിന്റെ അമ്മ എ. കമല നല്‍ഹിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയെ തുടര്‍ന്നാണ് കോടതി നിലപാട് വ്യക്തമാക്കിയത്. സുവുക്കു മീഡിയ എന്ന യുട്യൂബ് ചാനല്‍ നടത്തുന്ന ശങ്കറിനെ മെയ് നാലിനാണ് ആദ്യം അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിച്ചതിനെതിരായായിരുന്നു കേസ്. അറസ്റ്റിന് ശേഷം കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലിലാക്കി. അതിന് ശേഷം തടങ്കല്‍ ഉത്തരവ് പുറപ്പെടുവിക്കാനായി പൊലീസ് രണ്ട് കേസുകള്‍ കൂടി മെയ് ഏഴിന് രജിസ്റ്റര്‍ ചെയ്തു. വനിതാ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി സംസാരിച്ചെന്ന് ആരോപിച്ചായിരുന്നു ഇത്. യൂട്യൂബ് വീഡിയോയിലൂടെ വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് ചെന്നൈ പൊലീസ് മെയ് എട്ടിന് മറ്റൊരു കേസെടുത്തു. തൊട്ടുപിന്നാലെ ചെന്നൈ മെട്രോപൊളിറ്റന്‍ വികസന അതോറിറ്റി, കണ്‍സ്ട്രക്ഷന്‍ വിംഗ് സൂപ്രണ്ടിംഗ് എന്‍ജിനിയറുടെ പരാതിയില്‍ വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തു. സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിനും കേസെടുത്തു. 

മെയ് 12ന് ഗ്രേറ്റര്‍ ചെന്നൈ പൊലീസ് കമ്മിഷണര്‍ കരുതല്‍ തടങ്കല്‍ ഉത്തരവ് പുറപ്പെടുവിച്ചു. 22ന് സംസ്ഥാന സര്‍ക്കാര്‍ ഇതിന് അംഗീകാരം നല്‍കി. മറ്റ് കേസുകളില്‍ റിമാന്‍ഡ് ചെയ്യാത്തതിനാല്‍ ഇത്തവണ തടങ്കല്‍ ഉത്തരവ് പുറപ്പെടുവിച്ച് മുന്‍കരുതല്‍ നടപടി സ്വീകരിച്ചെന്നുമാണ് പൊലീസ് കോടതിയില്‍ വാദിച്ചത്. എന്നാല്‍ ഇതൊന്നും കോടതി അംഗീകരിച്ചില്ല. ജനങ്ങളുടെ ആവലാതികള്‍ മനസിലാക്കാന്‍ സംസ്ഥാനം സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഭരണകൂടത്തിന്റെ ഇഷ്ടങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും അനുസരിച്ച് വ്യക്തിസ്വാതന്ത്ര്യം അടിച്ചേല്‍പ്പിക്കാനാകില്ല. അഭിപ്രായസ്വാതന്ത്ര്യം നിയന്ത്രിക്കുന്ന നിയമങ്ങളുടെ അമിത ഉപയോഗം കാരണം ഭരണകൂടത്തിനെതിരെ വിമര്‍ശനവും അഭിപ്രായപ്രകടനവും നടത്താതെ ജനങ്ങള്‍ പിന്തിരിയുകയും അത് ജനാധിപത്യത്തെ തകര്‍ക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. 

Eng­lish Summary:YouTuber remand­ed in cus­tody under Gang­ster Act; Madras High Court with severe criticism
You may also like this video

Exit mobile version