Site iconSite icon Janayugom Online

അറസ്റ്റ് ഭയന്ന് യൂട്യൂബര്‍ സൂരജ് പാലാക്കാരന്‍ ഒളിവില്‍; അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്

പൊലീസ് കേസില്‍ അറസ്റ്റ് ഭയന്ന് ഒളിവില്‍ പോയ യൂ ട്യൂബര്‍ സൂരജ് പാലാക്കാരനായി അന്വേഷണം ഊര്‍ജ്ജിതമാക്കി. ക്രൈം നന്ദകുമാറിനെതിരെ പരാതി നല്‍കിയ യുവതിയെ യുട്യൂബ് ചാനലിലൂടെ അസഭ്യം പറഞ്ഞ് മോശമായി ചിത്രീകരിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കേസ്സെടുത്തതിനെ തുടര്‍ന്നാണ് ഇയാള്‍ ഒളിവില്‍ പോയത്. ജാമ്യമില്ലാ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് കേസ്. ഇയാളുടെ പാലായിലെ വീട്ടില്‍ പൊലീസ് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ക്രൈം നന്ദകുമാറിനെതിരെ പരാതി നല്‍കിയ അടിമാലി സ്വദേശിനി എറണാകുളം സൗത്ത് പൊലീസിനു പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ട്രൂടിവി യൂട്യൂബ് ചാനല്‍ എംഡി പാലാ കടനാട് സ്വദേശി സൂരജ് പാലാക്കാരന്‍ എന്ന സൂരജ് വി സുകുമാറിനെതിരെ പോലീസ് കേസെടുത്തത്.

പട്ടികജാതിവര്‍ഗ പീഡന അതിക്രമ നിരോധനനിയമം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. ജൂണ്‍ 21നാണ് ഇയാള്‍ തന്റെ യുട്യൂബ് ചാനലില്‍ യുവതിയെ പരസ്യമായി അപമാനിക്കുന്ന പരാമര്‍ശങ്ങളുള്ള വീഡിയോ അപ്ലോഡ് ചെയ്തത്. പരാതിക്കാരിയായ യുവതിയെ മോശക്കാരിയായി ചിത്രീകരിക്കാനായിരുന്നു ശ്രമം. നാലു ലക്ഷത്തിലധികം പേര്‍ വീഡിയോ കണ്ടിരുന്നു. ക്രൈംനന്ദകുമാറിനെ ന്യായീകരിക്കുന്നതിനായി പരാതിക്കെതിരെ അപവാദം പ്രചരിപ്പിക്കുകയായിരുന്നു സൂരജ് പാലാക്കാരന്റെ ലക്ഷ്യമെന്ന് പൊലീസ് കണ്ടെത്തി. കെട്ടിച്ചമച്ച കേസാണ് നന്ദകുമാറിനെതിരെ പൊലീസ് രജിസ്റ്റര്‍ ചെയ്തതെന്നും ഇയാള്‍ വീഡിയോയില്‍ ആരോപിച്ചിരുന്നു.

ക്രൈം നന്ദകുമാറിനെ എറണാകുളം നോര്‍ത്ത് പൊലീസ് ജൂണ്‍ 17ന് അറസ്റ്റു ചെയ്തതിനു പിന്നാലെയാണ് സൂരജ് പാലക്കാരന്‍ യുട്യൂബ് ചാനലിലൂടെ യുവതിയെ മോശമായി ചിത്രീകരിച്ചത്. തുടര്‍ന്നാണ് യുവതി പൊലീസിനെ സമീപിച്ചത്. കേസ് എടുത്തതിന് പിന്നാലെ സൂരജ് പാലാക്കാരന്‍ ഒളിവില്‍ പോയി. പ്രതിയെ അന്വേഷിച്ച് പൊലീസ് പാലായിലെ വീട്ടില്‍ എത്തിയെങ്കിലും ഇയാള്‍ കടന്നു കളയുകയയിരുന്നു.

Eng­lish sum­ma­ry; YouTu­ber Suraj Palakkaran is on the run fear­ing arrest; The police inten­si­fied the investigation

You may also like this video;

Exit mobile version