Site icon Janayugom Online

യൂട്യൂബര്‍ ‘തൊപ്പി’ അറസ്റ്റില്‍; പൊലീസ് പിടികൂടിയത് കതക് ചവിട്ടിപ്പൊളിച്ച്

യൂട്യൂബര്‍ ‘തൊപ്പി’ എന്ന മുഹമ്മദ് നിഹാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. അശ്ലീല പദപ്രയോഗങ്ങങ്ങള്‍ നടത്തിയതിന് ക‍ഴിഞ്ഞ ദിവസം ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിരിന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. എറണാകുളത്തെ വീട്ടില്‍ നിന്ന് വളാഞ്ചേരി പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. 

പൊലീസ് അറസ്റ്റ് ചെയ്യാൻ വീട്ടില്‍ എത്തിയെങ്കിലും ഇയാള്‍ കതകടച്ച് പൂട്ടി മുറിക്കുള്ളില്‍ ഇരിക്കുകയായിരുന്നു. പൊലീസ് വന്നതറിഞ്ഞ തൊപ്പി സമൂഹമാധ്യമത്തില്‍ ലൈവ് ആരംഭിച്ചു. കതക് തുറക്കാന്‍ ഇയാള്‍ കൂട്ടക്കാത്തതോടെ പൊലീസ് കതക് വെട്ടി പൊളിച്ച് അകത്ത് കയറുകയായിരുന്നു.

പൊലീസിനെ കണ്ടപ്പോള്‍ നിങ്ങള്‍ പൊലീസ് തന്നെയാണോ എന്ന് തൊപ്പി ചോദിക്കുന്നതും യൂണിഫോം കണ്ടില്ലേയെന്ന് പൊലീസ് മറുപടിയായി ചോദിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. നാലായിരത്തോളം ആളുകളാണ് ഒരേ സമയം തൊപ്പിയുടെ വീഡിയോ കണ്ടത്. പൊലീസിനെ തെറിവിളിക്കുന്ന പല കമന്‍റുകളും ഇയാളുടെ ആരാധകര്‍ ലൈവില്‍ കമന്‍റ് ചെയ്യുന്നുണ്ടായിരുന്നു. മറ്റൊരാള്‍ പൊലീസിനെ വിളിക്കാനും ഇയാളോട് നിര്‍ദ്ദേശിക്കുന്നുണ്ട്.

ക‍ഴിഞ്ഞ ദിവസം ഒരു വസ്ത്രവ്യാപാരശാലയുടെ ഉദ്ഘാടന പരിപാടിക്കിടെയാണ് സംഭവം. പരിപാടിക്കിടെ ഇയാള്‍ അശ്ലീല പദപ്രയോഗം നടത്തിയെന്നും കൂടാതെ ഗതാഗതം തടസപ്പെടുത്തിയതിനും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. വസ്ത്ര വ്യാപാരശാല ഉടമയും കേസില്‍ പ്രതിയാണ്. ആറ് ലക്ഷക്കണക്കിന് സബ്‌സ്‌ക്രൈബേഴ്‌സാണ് കണ്ണൂര്‍ സ്വദേശിയായ മുഹമ്മദ് നിഹാദിന്‍റെ യുട്യൂബ് ചാനലിനുള്ളത്. ലൈവ് ഗേമിംഗ് യൂട്യൂബ് ചാനലിന് ആരാധകരെല്ലാം കുട്ടികളാണ്. പതിനെട്ട് വയസിന് താഴെയുള്ള നിരവധി കുട്ടികളാണ് ഇയാളുടെ വീഡിയോ കാണുന്നത്. സഭ്യതയില്ലാതെയും അങ്ങേയറ്റം വിഷലിപ്തമായ കാര്യങ്ങളുമാണ് ഇയാളുടെ വീഡിയോകളില്‍ ഉള്ളത്. അധ്യാപകരും അഭിഭാഷകരും ഉള്‍പ്പെടെ നിരവധി പേരാണ് തൊപ്പിക്കെതിരെ രംഗത്തെത്തുന്നത്.

Eng­lish Summary:YouTuber ‘Top­pi’ arrested
You may also like this video

Exit mobile version