സൗദിയില്‍ അപകടത്തില്‍ മരണപ്പെട്ട കരകുളം സ്വദേശി ബാബുവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. കരകുളം ചെക്കക്കോണം കോഴിയോട് ബാബു സദനത്തില്‍ ബാബു (46) വിന്റെ മൃതദേഹമാണ് നോര്‍ക്കാ റൂട്ട്‌സ് വൈസ് ചെയര്‍മാന്‍ എം എ യൂസഫലിയുടെ ഇടപെടലിനെ തുടര്‍ന്ന് ബുധനാഴ്ച നാട്ടിലെത്തിച്ചത്. ബുധനാഴ്ച്ച രാത്രി 10 മണിക്ക് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മകന്‍ എബിന്‍, സഹോദരിയുടെ ഭര്‍ത്താവ് മണിക്കുട്ടന്‍, ഭാര്യാ സഹോദരന്‍ സാജന്‍, പ്രവാസി സംഘം കരകുളം ലോക്കല്‍ പ്രസിഡന്റ് എസ് സജീര്‍ എന്നിവര്‍ ചേര്‍ന്ന് മൃതദേഹം ഏറ്റുവാങ്ങി.
ഈ മാസം ഒമ്പതാം തീയതിയാണ് സൗദിയിലെ ഖമീസ് മുശൈത്തില്‍ വച്ച് ജോലിക്കിടയില്‍ കെട്ടിടത്തില്‍ നിന്ന് വീണാണ് ബാബു മരണപ്പെട്ടത്. മരണമറിഞ്ഞിട്ടും ബാബുവിന്റെ മൃതദേഹം അവിടുത്തെ നടപടികള്‍ പൂര്‍ത്തിയാക്കി ഏറ്റു വാങ്ങി നാട്ടിലെത്തിക്കാന്‍ ആളില്ലാതെ പ്രതിസന്ധിയിലായിരുന്നു കുടുംബം. ഇന്ത്യന്‍ എംബസി വഴി മാത്രമേ മൃതദേഹം നാട്ടിലെത്തിക്കാന്‍ കഴിയൂ എന്നതിനാല്‍ നോര്‍ക്കാ റൂട്ട്‌സ് വഴി അപേക്ഷയും നല്‍കിയിരുന്നു. കേരളാ പ്രവാസി സംഘത്തിന്റെ സഹായത്തോടെ ലോക കേരളസഭയുടെ ഓപ്പണ്‍ ഫോറം വേദിയില്‍ മകന്‍ എബിന്‍ എം എ യൂസഫലിയോട് അച്ഛന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ സഹായമഭ്യര്‍ത്ഥിക്കുകയായിരുന്നു.
വേദിയില്‍ വച്ച് തന്നെ അതിനാവശ്യമായ നടപടി സ്വീകരിക്കാന്‍ അദ്ദേഹം ഇടപെട്ടു. ആ ഇടപെടലിനെ തുടര്‍ന്നാണ് പെട്ടന്ന് തന്നെ മൃതദേഹം നാട്ടിലെത്തിക്കാന്‍ കഴിഞ്ഞത്.11 വര്‍ഷമായി ബാബു സൗദിയില്‍ ജോലി ചെയ്യുന്നു. മൂന്നു വര്‍ഷം മുന്‍പാണ് അവസാനമായി നാട്ടിലെത്തിയത്. ഭാര്യ: ഉഷ, മക്കള്‍: എബിന്‍, വിപിന്‍.
English summary; Yusuf Ali’s intervention in the Loka Kerala Sabha; Babu’s body reached home
You may also like this video;