കലയുടെയും സാങ്കേതിക വൈദഗ്ധ്യത്തിന്റെയും ത്രിമാനമായ സൃഷ്ടികളുടെയും ഒന്നിച്ചുചേരലാണ് അന്തരിച്ച പ്രശസ്ത ചിത്രകാരനായ യൂസഫ് അറയ്ക്കലിന്റെ ചെമ്പിൽ നിർമ്മിച്ചെടുത്ത കാർ. എറണാകുളം ദർബാർ ഹാൾ ആർട്ട് ഗാലറിയിൽ അദ്ദേഹത്തിന്റെ ചിത്ര–ശില്പ സമഗ്രപ്രദർശനത്തിൽ കലാസ്വദകരിൽ നവ്യവും കൗതുകകരവുമായ അനുഭൂതിയാണ് ഈ കാർ പകരുന്നത്. 1953 മോഡൽ ഫിയറ്റ് മില്ലിസെന്റോ കാറാണ് അദ്ദേഹം ആദ്യമായി വാങ്ങുന്നത്. 1983ൽ സുഹൃത്തും കലാ ശേഖരനുമായ ഹരീഷ് പത്മനാഭയിൽ നിന്ന് ഇത് സ്വന്തമാക്കുമ്പോൾ വിലയായി നൽകിയത് തന്റെ രണ്ട് പെയിന്റിങ്ങുകളും ഒരു ശില്പവുമായിരുന്നു. പിന്നീട് തന്റെ യാതനകൾ നിറഞ്ഞ ജീവിതയാത്രകളിലെല്ലാം നിഴൽ പോലെ ഒപ്പമുണ്ടായിരുന്ന ഈ കാറിനോടായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പ്രണയവും. വീട്ടുകാർ ഈ കാർ മാറ്റാനാവശ്യപ്പെട്ടെങ്കിലും അദ്ദേഹം അതിന് തയ്യാറായില്ല.
തനിക്ക് അത്രമേൽ വിലപ്പെട്ട ഈ വാഹനത്തെ കലാകാരനായ സുഹൃത്ത് ജോസഫ് ആന്റണിയുമായി ചേർന്നാണ് ഒരു ശില്പമായി രൂപാന്തരപ്പെടുത്തുന്നത്. ഈജിപ്ഷ്യൻ, സിന്ധു നാഗരികതകൾ സാങ്കേതികവിദ്യാ യന്ത്രങ്ങളുടെ യുഗത്തിന്റെ ഒരു രൂപകമായി കാറിന്റെ ഉപരിതലത്തില്‍ ദൃശ്യമാണ്. ചെമ്പ് കൊത്തുപണികളും ശില്പങ്ങളും കൊണ്ട് ചരിത്രത്തിന്റെ ഒരു ഘട്ടത്തിൽ നിന്ന് മറ്റൊന്നിലേക്കുള്ള പരിണാമത്തിന്റെ കഥയാണ് ഈ കാർ പറയുന്നത്.
കാറിന്റെ ക്ലാസിക് രൂപം അതേപടി നിലനിർത്തിയാണ് മാറ്റിയെടുത്തത്. ഏകദേശം ഒരു ടൺ ചെമ്പാണ് കാറിനെ ശില്പമാക്കുന്നതിനായി ചെലവിട്ടതെന്ന് അദ്ദേഹത്തിന്റെ ഭാര്യ സാറ പറയുന്നു.

