Site iconSite icon Janayugom Online

യുവകലാസാഹിതി ഷാർജ കാനം രാജേന്ദ്രൻ അനുസ്മരണം സംഘടിപ്പിച്ചു

യുവകലാസാഹിതി ഷാർജ അന്തരിച്ച കമ്മ്യൂണിസ്റ്റ്‌ നേതാവും പാർട്ടി സംസ്ഥാന സെക്രട്ടറിയുമായിരുന്ന സഖാവ് കാനം രാജേന്ദ്രൻ അനുസ്മരണം നടത്തി. ഷാർജയിലെ ബിസിനസ്‌ സെന്ററിൽ കൂടിയ യോഗം കോർഡിനേഷൻ സെക്രട്ടറി വിൽ‌സൺ തോമസ് ഉത്ഘാടനം ചെയ്തു. യുവകലാസാഹിതി യുഎഇ സെക്രട്ടറി ബിജു ശങ്കർ മുഖ്യ പ്രഭാഷണം നടത്തി. കേന്ദ്ര കമ്മറ്റി ജോയിന്റ ട്രഷറർ പ്രേകുമാർ, ഇന്ത്യൻ അസോസിയേഷൻ ജോയിന്റ് സെക്രട്ടറി ജിബി ബേബി, വനിതാ കലാസാഹിതി യുഎഇ ജോയിന്റ് കൺവീനർ സിബി ബൈജു, വനിതകലാസാഹിതി ഷാർജ യൂണിറ്റ് സെക്രട്ടറി ബെൻസി ജിബി എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. 

പൊതുബോധത്തിന് ഒപ്പം സഞ്ചരിക്കാതെ, പലപ്പോഴും പൊതുബോധത്തെ തിരുത്തിക്കൊണ്ട് തൻറെ ആശയ കാഴ്ചപ്പാടുകൾ മുന്നോട്ടുവെച്ച നേതാവായിരുന്നു അദ്ദേഹം. ഓരോ കാലഘട്ടത്തിനും അനുസൃതമായ നിലപാടുകൾ സ്വീകരിച്ചുകൊണ്ട് ഇടതുപക്ഷ രാഷ്ട്രീയത്തെ എങ്ങനെ ശക്തിപ്പെടുത്തണം എന്നത് സംബന്ധിച്ച് അദ്ദേഹത്തിന് വ്യക്തമായ കാഴ്ചപ്പാട് ഉണ്ടായിരുന്നു. ചുരുങ്ങിയ വാക്കുകളിൽ ആ കാഴ്ചപ്പാട് ജനങ്ങളിലേക്ക് പകർന്നു നൽകുവാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. മുന്നണിക്കുള്ളിൽ തിരുത്തേണ്ടത് തിരുത്താൻ ഒച്ചപ്പാട് ഉണ്ടാക്കേണ്ട ആവശ്യം ഇല്ല എന്ന് കരുതിയ അദ്ദേഹം മുന്നണി വെല്ലുവിളി നേരിട്ടപ്പോളൊക്കെയും മുന്നിൽ നിന്നും പട നയിച്ചു.

ഇടതുപക്ഷ സർക്കാർ പത്തുകൊല്ലം പൂർത്തിയാക്കുന്ന ഒരു സമയത്താണ് നാം ഇപ്പോൾ അദ്ദേഹത്തെ അനുസ്മരിക്കുന്നത്. 10 കൊല്ലത്തിനുള്ളിൽ കേരളത്തിൻ്റെ മുഖച്ഛായ നമുക്ക് തൊട്ടറിയാവുന്ന വിധം മാറിയിരിക്കുന്നു. അടിസ്ഥാന സൗകര്യങ്ങൾ, വ്യവസായങ്ങൾ, ജീവിതനിലവാരം അങ്ങനെ എല്ലാ മേഖലകളിലും കേരളം വൻ പുരോഗതി കൈവരിച്ചു. അതേസമയം തന്നെ ഇടതുപക്ഷത്തിന്റെ അടിസ്ഥാന ലക്ഷ്യമായ സാധാരണക്കാരുടെയും അരികു വൽക്കരിക്കപ്പെടുന്നവരുടെയും സംരക്ഷണം സർക്കാർ നേരിട്ട് ഏറ്റെടുക്കുകയും ചെയ്തു. 

എണ്ണി എണ്ണിപറയുന്ന ഈ നേട്ടങ്ങളുടെ ചാലകശക്തിയായി കാനം രാജേന്ദ്രൻ എല്ലാ കാലവും സ്മരിക്കപ്പെടും എന്ന് യോഗം അഭിപ്രായപ്പെട്ടു. യുവകലാസാഹിതി ഷാർജ വൈസ് പ്രസിഡന്റ്‌ സന്ദീപ് കെ പി അധ്യക്ഷനായിരുന്നു . ഷാർജ യൂണിറ്റ് സെക്രട്ടറി പദ്മകുമാർ സ്വാഗതവും ജോയിന്റ് സെക്രട്ടറി ജേക്കബ് നന്ദിയും രേഖപ്പെടുത്തി.

Exit mobile version