Site iconSite icon Janayugom Online

യുവജന വഞ്ചകരുടെ യുവം 2023

YuvamYuvam

രാജ്യം 45 വർഷത്തിനിടയിലെ ഏറ്റവും വലിയ തൊഴിലില്ലായ്മ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഒരു വർഷം രണ്ട് കോടി തൊഴിലവസരമെന്ന വാഗ്ദാനവുമായി അധികാരത്തിലേറിയ മോഡിസർക്കാർ യുവാക്കളെ വഞ്ചിക്കുകയാണ്. തൊഴിലില്ലായ്മ പരിഹരിക്കാൻ ഒരു തരത്തിലുള്ള ഇടപെടലും കേന്ദ്രസർക്കാർ നടത്തുന്നില്ല. പ്രധാനമന്ത്രി പങ്കെടുത്ത് കേരളത്തിൽ യുവം എന്ന പേരിൽ യുവജന സെമിനാർ സംഘടിപ്പിച്ച് യുവാക്കളെ വഞ്ചിക്കുന്ന സംഘ്പരിവാറിന്റെയും നരേന്ദ്രമോഡിയുടെയും രാഷ്ട്രീയ തട്ടിപ്പിനെതിരെയാണ് ‘വി നോ മോഡി ബ്ലണ്ടേഴ്സ്, യൂത്ത് സേയ്സ് സേവ് ഇന്ത്യ’ എന്ന മുദ്രാവാക്യമുയർത്തി യൂത്ത് ട്രയല്‍ എന്ന ക്യാമ്പയിൻ സംഘടിപ്പിച്ചിരിക്കുന്നത്.

രാജ്യത്ത് അപ്രഖ്യാപിത നിയമന നിരോധനം നടപ്പാക്കുന്നു. ഇന്ത്യൻ മിലിട്ടറി, റെയിൽവേ ഉൾപ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളിൽ കരാർവൽക്കരണം നടത്തി തൊഴിൽ എന്ന യുവത്വത്തിന്റെ പ്രതീക്ഷയെയാണ് തല്ലിക്കെടുത്തുന്നത്. എൻസിഇആർടി പാഠപുസ്തകങ്ങളിലെ ചരിത്രത്തിന്റെ സിലബസ് മാറ്റാനും സ്വാതന്ത്ര്യസമര ചരിത്രത്തെയും നായകരെയും തമസ്കരിച്ച് ആർഎസ്എസിന് അനുകൂലമായ ചരിത്രം രചിക്കാനും ശ്രമിക്കുകയാണ്.
പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റൊഴിച്ച് രാജ്യത്തെ കോർപറേറ്റുവൽക്കരിക്കുകയാണ് മോഡി സർക്കാർ. ഇന്ത്യൻ ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും കഴുത്തിൽ കത്തിവയ്ക്കുകയാണ്. മതന്യൂനപക്ഷങ്ങളെ നിരന്തരം വേട്ടയാടുന്ന രാജ്യമായി ഇന്ത്യ മാറി. ഇതിന് ഭരണകൂടവും ഒത്താശചെയ്യുകയാണ്. ഈ ഒരു സാഹചര്യത്തിൽ നരേന്ദ്രമോഡി കേരളത്തിൽ നടത്തുന്ന സന്ദർശനം ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടാനുളള ഒരു തന്ത്രവും രാഷ്ട്രീയ അജണ്ടയും കൂടിയാണ്.


ഇതുകൂടി വായിക്കൂ: കള്ളങ്ങള്‍ ചുമന്ന് കഴുത്തൊടിഞ്ഞ മോഡി


സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കണോമി (സിഎംഐഇ) പുറത്തുവിട്ട കണക്ക് പ്രകാരം ഡിസംബറിൽ തൊഴിലില്ലായ്മ നിരക്ക് 8.3 ശതമാനമായി ഉയർന്നു. ഇത് 16 മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ്. കോവിഡിനു മുമ്പും കോവിഡിന്റെ രൂക്ഷത കുറഞ്ഞിട്ടും തൊഴിൽ ലഭ്യത വർധിച്ച കണക്കുകളൊന്നും വന്നിട്ടില്ല. 45 വർഷത്തെ ഏറ്റവും വലിയ തൊഴിലില്ലായ്മയാണ് 2019ൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. 1972–73നു ശേഷം ഉണ്ടായ ഏറ്റവും വലിയ തൊഴിലില്ലായ്മയാണിത്. തുടർന്ന് തൊഴിലില്ലായ്മ സംബന്ധിച്ച ഔദ്യോഗിക കണക്കുകൾ മറച്ചുപിടിച്ച കേന്ദ്ര സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ കമ്മിഷൻ അംഗങ്ങൾ രാജിവച്ചതും രാജ്യം കണ്ടു.

എൻഎസ്എസ്ഒ കണക്കുകൾ പ്രകാരം 2011–12ൽ 2.2 ശതമാനമായിരുന്നു ഇന്ത്യയിലെ തൊഴിലില്ലായ്മ. ഏതാണ്ട് 90 കോടി പേർ തൊഴിൽ ചെയ്യാൻ കഴിയുന്ന പ്രായത്തിലുള്ളവർ ഇവിടെയുള്ളപ്പോൾ അതിൽ പകുതിപ്പേർക്ക് പോലും തൊഴിൽ ഇല്ല എന്നതാണ് യാഥാർത്ഥ്യം. സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമിയുടെ കണക്കുകൾ പ്രകാരം തൊഴിലില്ലായ്മ നാലുമാസം കൊണ്ട് രണ്ടുശതമാനം വർധിച്ചു.
ലക്ഷക്കണക്കിന് യുവജനങ്ങൾ അപേക്ഷകരായ ഇന്ത്യയിലെ സായുധസേനകളിലേക്കുള്ള നിയമനങ്ങൾ അട്ടിമറിക്കപ്പെട്ടു. അഗ്നിപഥ് നടപ്പാക്കിയത് സ്ഥിരം തൊഴിൽ എന്ന സങ്കല്പം തന്നെ റദ്ദാക്കിക്കൊണ്ടാണ്. വർഗീയതയും വിദ്വേഷവും കുഴച്ചുണ്ടാക്കിയ ഭയത്തിന്റെ റിപ്പബ്ലിക്കിലാണ് നാം ജീവിക്കുന്നത്. തൊഴിൽരഹിതരുടെ ശവപ്പറമ്പായി നാട് മാറുമോ എന്ന സംശയം മാത്രമേ ബാക്കിയുള്ളൂ.

Exit mobile version