Site iconSite icon Janayugom Online

സപ്പോരീഷ്യ ആണവനിലയം; യുഎന്‍ ദൗത്യത്തെ സ്വാഗതം ചെയ്യുന്നുവെന്ന് റഷ്യ

സപ്പോരീഷ്യ ആണവനിലയത്തിലേക്കുള്ള അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (ഐഎഇഎ)സംഘത്തിന്റെ സ­ന്ദര്‍ശനത്തെ സ്വാഗതം ചെയ്യുന്നതായി റഷ്യ. സംഘത്തിന്റെ സന്ദര്‍ശനം നിലയത്തിന്റെ മോശം അവസ്ഥയെക്കുറിച്ചുള്ള തെറ്റിധാരണകള്‍ ഇല്ലാതാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി റഷ്യന്‍ നയതന്ത്ര പ്രതിനിധി മിഖായേല്‍ ഉലിയനോവ് പറഞ്ഞു. ഐക്യരാഷ്ട്ര സഭയുടെ ദൗത്യത്തെ സ്വാഗതം ചെയ്യുന്നുവെന്നും ഐഎഇഎയുമായി സഹകരിക്കാൻ തയാറാണെന്നും ക്രെംലിൻ വക്താവ് ദിമിത്രി പെ­സ്‍കോവ് പറഞ്ഞു. 

നിലയത്തില്‍ സൈനികരഹിത മേഖല സൃഷ്ടിക്കാനുള്ള സാധ്യത റഷ്യ പരിഗണിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സപ്പോരീഷ്യ ആണവ നിലയത്തിനു സമീപം ഷെല്ലാക്രമണം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പ്രതിനിധി സംഘം പരിശോധന നടത്തുമെന്ന് ഐഎഇഎ മേധാവി റാഫേൽ ഗ്രോസി സ്ഥി­­രീകരിച്ചിരുന്നു. നിലയത്തിനുണ്ടായ നാശനഷ്ടങ്ങള്‍, സുരക്ഷാ സംവിധാനങ്ങളുടെ പ്ര­വര്‍ത്തന ക്ഷമത, ജീവനക്കാരുടെ അവസ്ഥ എന്നിവ വിലയിരുത്തുകയാണ് സംഘത്തിന്റെ ല­ക്ഷ്യം. ഇതോടൊപ്പം നിലയത്തില്‍ അടിയന്തര സുരക്ഷാ പ്രവര്‍ത്തനങ്ങളും നടത്തും.

അതിനിടെ, സപ്പോരീഷ്യയിലെ ഗുരുതരമായ ആണവ വികിരണ സാധ്യത അംഗീകരിക്കാന്‍ റഷ്യ തയാറാകില്ലെന്ന ആരോപണവുമായി യുഎസ് രംഗത്തെത്തി. ആണവ നിര്‍വ്യാപന കരാറിന്റെ അന്തിമ കരട് റഷ്യ തടഞ്ഞതിനു പിന്നാലെയാണ് യുഎസിന്റെ ആരോപണം. രൂക്ഷമായ ഷെല്ലാക്രമണമാണ് നിലയത്തിനു സമീപം നടക്കുന്നത്. ആക്രമണത്തില്‍ പരസ്പരം പഴിചാരുകയാണ് റഷ്യയും ഉക്രെയ്‍നും. ഷെല്ലാക്രമണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ റിയാക്ടറുകള്‍ക്ക് കേടുപാട് സംഭവിച്ച് വികിരണത്തിന് സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. 

ട്രാന്‍സ്മിഷന്‍ ലെെനുകളിലൊന്നില്‍ തീപിടിത്തമുണ്ടായതിനെത്തുടര്‍ന്ന് നിലയത്തിലേക്കുള്ള വെെദ്യുതി വിച്ഛേദിച്ചതും വികിരണത്തിന്റെ ആശങ്ക വര്‍ധിപ്പിച്ചിരുന്നു.
സംഘത്തിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി ആ­ണവ നിലയത്തിലെ ജീവനക്കാര്‍ക്ക് സമ്മര്‍ദ്ദം വര്‍ധിക്കുന്നതായി ഉ­ക്രെയ്ന്‍ ഊര്‍ജ ദാതാവായ എ­നര്‍ഗോട്ടം പറയുന്നു. ആണവ നി­ലയത്തില്‍ നടത്തുന്ന കുറ്റകൃത്യങ്ങള്‍ പുറത്തെത്താതിരിക്കാനാണ് റഷ്യ ജീവനക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതെന്നാണ് ഉക്രെയ്‍ന്റെ വാദം. റഷ്യ ആണവ നിലയത്തില്‍ ആയുധങ്ങളടക്കം സൈന്യത്തേയും വിന്യസിച്ചിട്ടുണ്ടെന്നുമാണ് ഉക്രെയ്‍ന്‍ ആരോപിക്കുന്നത്. നിലയത്തില്‍ നിന്ന് സൈ­നിക ഉപകരണങ്ങളും ഉ­ദ്യോഗസ്ഥരെയും പിന്‍വലിക്കണമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടിരുന്നു.

Eng­lish Summary:Zaporizhzhia Nuclear Pow­er Plant; Rus­sia wel­comes UN mission
You may also like this video

Exit mobile version