Site iconSite icon Janayugom Online

മണാലിയില്‍ സിപ് ലൈന്‍ ബെല്‍റ്റ് പൊട്ടി; പത്തുവയസുകാരി 30 അടി താഴ്ചയിലേക്ക് വീണു, ദൃശ്യങ്ങള്‍ പുറത്ത്

ഹിമാചല്‍പ്രദേശിലെ മണാലിയില്‍ സിപ് ലൈന്‍ ബെല്‍റ്റ് പൊട്ടി താഴെ വീണ് പത്തുവയസുകാരിക്ക് ഗുരുതര പരിക്ക്. നാഗ്പൂരില്‍ നിന്നുള്ള തൃഷ ബിജ്വെക്കാണ് അപകടത്തില്‍ പരിക്കേറ്റത്. അപകടത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. ദൃശ്യങ്ങള്‍ തൃഷയുടെ മാതാപിതാക്കള്‍ തന്നെയാണ് അപകടത്തിന്റെ ദൃശ്യങ്ങള്‍ എക്സില്‍ പങ്കുവെച്ചത്.

സിപ്‌ലൈന്‍ കേബിള്‍ പൊട്ടി 30 അടി താഴ്ചയിലേക്കാണ് തൃഷ വീണത്. അച്ഛന്‍ പ്രഫുല്ല ബിജ്വെയ്ക്കും അമ്മയ്ക്കുമൊപ്പം മണാലിയില്‍ അവധിക്കാലം ആഘോഷിക്കാന്‍ എത്തിയതായിരുന്നു കുട്ടി. വീഴ്ചയില്‍ തൃഷയുടെ കാലില്‍ ഒന്നിലധികം ഒടിവുകള്‍ സംഭവിച്ചിട്ടുണ്ട്. ആദ്യം മണാലിയിലെ പ്രാദേശിക ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കി. തുടര്‍ന്ന് വിദഗ്ധ പരിചരണത്തിനായി ചണ്ഡീഗഡിലെ മെഡിക്കല്‍ സ്ഥാപനത്തിലേക്ക് മാറ്റി. ഇപ്പോള്‍ നാഗ്പൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

സംഭവസ്ഥലത്ത് മറ്റ് സുരക്ഷാ സംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ല എന്നും അപകടം നടന്ന ശേഷം തങ്ങളെ സഹായിക്കാന്‍ സിപ് ലൈന്‍ പ്രവര്‍ത്തിപ്പിക്കുന്നവര്‍ തയ്യാറായില്ലെന്നും പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ആരോപിച്ചു. മണാലിയിലെ പ്രധാന ആകര്‍ഷണമാണ് രണ്ടുമലകള്‍ക്ക് നടുവിലൂടെ ഒഴുകുന്ന പുഴയ്ക്ക് കുറുകെയായി സിപ് ലൈന്‍ വലിച്ചിട്ടുള്ളത്.

Exit mobile version