പുതുപ്പാടി സുബൈദയെ കൊലപ്പെടുത്തിയ കേസിലെ പ്രതി മകൻ ആഷിക്കിനെ മാനസിക വിഭ്രാന്തിയെ തുടർന്ന് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. ജയിലിൽ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്നാണ് നടപടി. പ്രതിയെ കസ്റ്റഡിയിൽ കിട്ടാൻ പൊലീസ് ഇന്ന് താമരശേരി കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും. കഴിഞ്ഞ ദിവസമാണ് ലഹരിക്കടിമയായ മകൻ ആഷിഖ് മാതാവിനെ വെട്ടിക്കൊലപ്പെടുത്തിയത്.
പണം നൽകാത്തത്തിനുള്ള പ്രകോപനമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. അയല്‍വാസിയില്‍ നിന്നും തേങ്ങ പൊതിക്കാനാണെന്ന് പറഞ്ഞ് വെട്ടുകത്തി വാങ്ങിയാണ് കൊലപാതകം നടത്തിയത്.നിലവിളി കേട്ട് സമീപവാസികള്‍ ഓടിയെത്തിയപ്പോള്‍ സുബൈദ നിലത്ത് കിടന്ന് പിടയുകയായിരുന്നു. പിന്നാലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്ലസ് ടുവിന് ഓട്ടോ മൊബൈല്‍ കോഴ്സാണ് ആഷിഖ് പഠിച്ചിരുന്നത്. കോളജില്‍ ചേര്‍ന്ന ശേഷം ആഷിഖ് മയക്കു മരുന്നിന് അടിമയാവുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

