Site iconSite icon Janayugom Online

ഇന്ത്യയെക്കുറിച്ചുള്ള സക്കര്‍ബര്‍ഗിന്റെ വിവാദ പരാമര്‍ശം; മാപ്പ് പറഞ്ഞ് മെറ്റ

2024ലെ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാര്‍ക്ക് സക്കര്‍ബര്‍ഗ് നടത്തിയ വിവാദ പരാമര്‍ശത്തില്‍ മാപ്പ് ചോദിച്ച് മെറ്റ. ഇന്ത്യയേക്കുറിച്ചുള്ള സക്കര്‍ബര്‍ഗിന്റെ പരാമര്‍ശം തെറ്റാണെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ് രംഗത്തെത്തിയതോടെയാണ് മെറ്റയുടെ നടപടി.

ജനുവരി 10‑ന് നടത്തിയ പോഡ് കാസ്റ്റിലാണ് ഫെയ്സ്ബുക്ക് സഹസ്ഥാപകനും മെറ്റ സിഇഒയുമായ സക്കര്‍ബര്‍ഗ് വിവാദ പരാമര്‍ശം നടത്തിയത്. ഇന്ത്യയടക്കം മിക്കരാജ്യങ്ങളിലും 2024ലെ തിരഞ്ഞെടുപ്പുകളില്‍ ഭരണകക്ഷി തോല്‍വി നേരിട്ടെന്ന തരത്തിലായിരുന്നു പരാമര്‍ശം. അശ്രദ്ധമൂലമുണ്ടായ പിഴവാണ് അതെന്നാണ് മെറ്റയുടെ വിശദീകരണം. നിലവിലുള്ള പല പാര്‍ട്ടികളും പരാജയപ്പെട്ടെന്ന മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ നിരീക്ഷണം പലരാജ്യങ്ങളുടെ കാര്യത്തിലും ശരിയാണ്. എന്നാല്‍, അതില്‍ ഇന്ത്യ ഉള്‍പ്പെടുന്നില്ല. അശ്രദ്ധകാരണമുണ്ടായ ഈ പിഴവില്‍ ഞങ്ങള്‍ മാപ്പ് ചോദിക്കുന്നു. മെറ്റയെ സംബന്ധിച്ച് ഇന്ത്യ വളരെയധികം പ്രധാനമാണ്. ഇന്ത്യയുടെ മികച്ച ഭാവിയ്ക്കുവേണ്ടിയാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്’, മെറ്റയുടെ വൈസ് പ്രസിഡന്റ് ശിവ്കാന്ത് തുക്രാള്‍ എക്‌സില്‍ കുറിച്ചു.

സക്കര്‍ബര്‍ഗിന്റെ പരാമര്‍ശം തെറ്റാണെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ് എക്‌സിലൂടെ രംഗത്തെത്തിയിരുന്നു. സക്കര്‍ബര്‍ഗില്‍ നിന്ന് വ്യാജവിവരം പ്രചരിച്ചത് ഖേദകരണമാണെന്നും സത്യവും വിശ്വാസ്യതയും ഉയര്‍ത്തിപ്പിടിക്കണമെന്നും മെറ്റയെ ടാഗ് ചെയ്ത് അദ്ദേഹം കുറിച്ചു. ഈ ട്വീറ്റിന് മറുപടിയായാണ് മെറ്റ മാപ്പ് പറഞ്ഞത്.

Exit mobile version