കേരളത്തെ സ്നേഹിക്കുകയും ഇവിടുത്തെ പാർട്ടിയെയും സംഘടനയെയും രാഷ്ട്രീയവും സംഘടനാപരവുമായി ഏറെ സഹായിക്കുകയും ചെയ്ത ഉന്നതനായ കമ്മ്യൂണിസ്റ്റ് നേതാവിനെയാണ് സീതാറാം യെച്ചൂരിയുടെ നിര്യാണത്തിലൂടെ നഷ്ടമായിരിക്കുന്നതെന്ന് സിപിഐ(എം) സംസ്ഥാന കമ്മിറ്റി. കേരളത്തിലെ പാർട്ടിക്ക് ആശയപരവും സംഘടനാപരവുമായ കരുത്ത് നൽകിയ നേതാവ് കൂടിയാണ് കടന്നുപോകുന്നതെന്നും സംസ്ഥാന കമ്മിറ്റി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
സിപിഐ(എം)ന്റെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെയും ഇടതുപക്ഷ പാർട്ടികളുടെയും രാജ്യത്തെ ഏറ്റവും പ്രധാന നേതാവായിരുന്നു സീതാറാം യെച്ചൂരി. മികച്ച മാർക്സിസ്റ്റ് സൈദ്ധാന്തികൻ കൂടിയായ അദ്ദേഹം രാജ്യത്തും ലോകത്താകെയും ഉയർന്നുവരുന്ന പ്രശ്നങ്ങളിൽ ദിശാബോധത്തോടുകൂടിയ നിലപാടുകൾ സ്വീകരിച്ചു. സിപിഐ(എം)ന്റെ അഭിപ്രായങ്ങൾ വ്യക്തതയോടെ അവതരിപ്പിക്കാനും പാർട്ടിയുടെ ശബ്ദം രാജ്യത്തിന് മുന്നിൽ ഉയർത്തിപ്പിടിക്കാനും സീതാറാമിനായി. മികച്ച സംഘടനാ പ്രവർത്തകൻ എന്നതിനൊപ്പം അതുല്യനായ പാർലമെന്റേറിയനുമായിരുന്നു അദ്ദേഹം. വർഗീയ ശക്തികൾക്കെതിരായ കൂട്ടായ്മയുടെ നേതൃനിരയിലും സീതാറാമുണ്ടായിരുന്നു.
രാഷ്ട്രീയ എതിരാളികളുടെ പോലും ആദരവ് നേടിയെടുക്കും വിധത്തിൽ ഉന്നതമായ പെരുമാറ്റവും സംസാര ശൈലിയുമായിരുന്നു അദ്ദേഹം എക്കാലവും സ്വീകരിച്ചത്. രാഷ്ട്രീയ മേഖലയ്ക്കകത്തും പുറത്തും വിശാലമായ സൗഹൃദമാണ് ദേശാതിർത്തികൾ കടന്ന് അദ്ദേഹം കാത്തുസൂക്ഷിച്ചത്. സീതാറാമിന്റെ വിയോഗം സിപിഐ(എം)നും ജനാധിപത്യ മതേതര വിശ്വാസികൾക്കും രാജ്യത്തിനാകെയും തീരാവേദനയും നഷ്ടവുമാണ്. അദ്ദേഹത്തിന്റെ വേർപാടിന് മുന്നിൽ സിപിഐ(എം) സംസ്ഥാന കമ്മിറ്റി അഗാധമായ അനുശോചനം രേഖപ്പെടുത്തി. ആദരസൂചകമായി സംസ്ഥാനത്ത് മൂന്നു ദിവസം ദുഃഖമാചരിക്കും. സമ്മേളനങ്ങളടക്കം എല്ലാ പാർട്ടി പരിപാടികളും മാറ്റിവയ്ക്കും. ശനിയാഴ്ച വൈകിട്ട് നാലിന് ശേഷം ലോക്കൽ അടിസ്ഥാനത്തിൽ അനുശോചന പരിപാടികൾ സംഘടിപ്പിക്കും. ദുഃഖസൂചകമായി ഒരാഴ്ച പാർട്ടി പതാക താഴ്ത്തിക്കെട്ടുമെന്നും സംസ്ഥാന കമ്മിറ്റി അറിയിച്ചു.