Site iconSite icon Janayugom Online

എംജിഎംഎന്‍ആര്‍ഇജി പുനഃസ്ഥാപിക്കണം; നിയമസഭ പ്രമേയം പാസാക്കി

2005ലെ ‘മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ’ നിയമം പുനഃസ്ഥാപിക്കണമെന്ന്‌ നിയമസഭ ഏകകണ്ഠമായി കേന്ദ്ര സർക്കാരിനോട്‌ ആവശ്യപ്പെട്ടു. ചട്ടം 118 പ്രകാരം തദ്ദേശ മന്ത്രി എം ബി രാജേഷ്‌ പ്രമേയം അവതരിപ്പിച്ചു. തൊഴിലില്ലായ്മ വേതനം, വൈകിയാലുള്ള നഷ്ടപരിഹാരം, ചികിത്സാ സഹായം, ഓംബുഡ്സ്മാന്‍, സോഷ്യൽ ഓഡിറ്റ് തുടങ്ങി വിവിധ അവകാശ സംരക്ഷണ വ്യവസ്ഥകള്‍ ഏറെയായിരുന്നു. എന്നാൽ, കേന്ദ്രസർക്കാർ കൊണ്ടുവന്ന ‘വികസിത് ഭാരത് — ഗ്യാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ (ഗ്രാമീൺ)’ നിയമം അവകാശങ്ങളില്ലാതാക്കും, സംസ്ഥാനത്തിന്‌ കടുത്ത സാമ്പത്തിക ബാധ്യതയുണ്ടാക്കും. കേന്ദ്രം നിശ്ചയിച്ച വിഹിതത്തിന്റെ 40 ശതമാനം സംസ്ഥാനം വഹിക്കണം, 3500 കോടിയാണ്‌ അധിക ബാധ്യത. 100 ദിവസം 125 ആക്കുമ്പോഴുള്ള ബാധ്യത വേറെ. പഞ്ചായത്തുകളെ എ, ബി, സി എന്നിങ്ങനെ തരംതിരിക്കുന്നതിനാൽ വികസിതമായ നമ്മുടെ പഞ്ചായത്തുകളധികവും പരിധിയിൽ നിന്ന്‌ പുറത്താകും. ദാരിദ്ര്യ ലഘൂകരണത്തെ പിന്നോട്ടടിപ്പിക്കുകയും ചെയ്യും. 

പരമാവധി തൊഴിൽ ദിനമെന്നതാണ്‌ സംസ്ഥാന നയം. 40.45 ലക്ഷം കുടുംബങ്ങൾ പദ്ധതിയിലുണ്ടെങ്കിലും 19.43 ലക്ഷം കുടുംബങ്ങളിലെ 22.66 ലക്ഷം തൊഴിലാളികളാണ്‌ സജീവമായുള്ളത്‌. 2024–25 കണക്ക്‌ പ്രകാരം ദേശീയ ശരാശരി 50.23 തൊഴിൽ ദിനങ്ങളാണെങ്കിൽ സംസ്ഥാനത്ത് 66.17 ആണ്.
കേന്ദ്ര പദ്ധതിക്ക്‌ പുറമെ കൂടുതൽ ആനുകൂല്യങ്ങളുമുണ്ട്‌. ‘ട്രൈബൽ പ്ലസ് ’ പദ്ധതിപ്രകാരം 100 ദിവസത്തിൽ കൂടുതൽ തൊഴിലെടുക്കുന്ന പട്ടികവർഗ കുടുംബങ്ങൾക്ക് അധികമായി 100 ദിവസം കൂടി നൽകും. ഓണത്തോടനുബന്ധിച്ച് 1200 രൂപ ഉത്സവബത്ത, അയ്യങ്കാളി തൊഴിലുറപ്പ് ഉൾപ്പെടെ എല്ലാവരേയും ഉൾപ്പെടുത്തി ക്ഷേമനിധി ബോർഡ് തുടങ്ങിയവയും നടപ്പാക്കി. തൊഴിലുറപ്പിന്റെ കേന്ദ്ര വിഹിതം തടഞ്ഞുവയ്ക്കുന്നതുൾപ്പെടെ പ്രതിബന്ധങ്ങൾ താണ്ടിയാണ്‌ ഇതെല്ലാം നടപ്പാക്കുന്നതെന്നും പ്രമേയത്തിൽ പറഞ്ഞു.

Exit mobile version