എഡിഎം നവീൻ ബാബുവിനെതിരെ പെട്രോൾ പമ്പുടമ പ്രശാന്തൻ നൽകിയ കൈക്കൂലി പരാതി വ്യാജമെന്ന് തെളിയിക്കുന്ന രേഖകൾ പുറത്ത്. ചെങ്ങളായിലെ പെട്രോൾ പമ്പിന് നൽകിയ അപേക്ഷയിൽ അപേക്ഷകന്റെ പേരിന്റെ സ്ഥാനത്ത് പ്രശാന്ത് എന്നാണ് എഴുതിയിരിക്കുന്നത്.എഡിഎം കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ച് മുഖ്യമന്ത്രിക്ക് അയച്ചുവെന്ന് പറയുന്ന പരാതിയിൽ പ്രശാന്തൻ എന്നുമാണ് പേര് രേഖപ്പെടുത്തിയിരിക്കുന്നത്. രണ്ട് രേഖകളിലെ ഒപ്പുകളും വ്യത്യസ്‌തമാണ്. ഇതെല്ലാം എഡിഎമ്മിനെതിരായ കൈക്കൂലി പരാതി വ്യാജമെന്ന് തെളിയിക്കുന്നു.
കണ്ണൂർ മെഡിക്കൽ കോളേജിലെ ഇലക്‌ട്രീഷ്യനായ ഇയാൾക്ക് കോടിക്കണക്കിന് രൂപ മുടക്കി പമ്പ് തുടങ്ങാനുള്ള പണം എവിടെനിന്ന് ലഭിച്ചുവെന്ന ചോദ്യവും ഉയരുന്നുണ്ട്. എൻഒസി ഫയലിലെ ഒപ്പും പാട്ടക്കരാറിലെ ഒപ്പും സമാനമാണ്. എന്നാൽ, എൻഒസിയിലെ ഒപ്പും പരാതിയിലെ ഒപ്പും വ്യത്യസ്തമാണ്. ഇതിനുപുറമെ എൻഒസി ഫയലിൽ ടിവി പ്രശാന്ത് എന്നാണ് പേര് നൽകിയിരിക്കുന്നത്.