Site iconSite icon Janayugom Online

കേരളത്തിലെ സംരഭത്തിന്റെ കണക്ക് എവിടെ നിന്ന് കിട്ടി?; ശശി തരൂരിനെ തള്ളി വി ഡി സതീശൻ

ശശി തരൂരിനെ തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേരളത്തിലെ സംരഭത്തിന്റെ കണക്ക് തരൂരിന് എവിടെ നിന്ന് കിട്ടിയെന്ന് സതീശന്‍ ചോദിച്ചു. ഏത് കണക്കിന്റെ അടിസ്ഥാനത്തിലാണ് ശശി തരൂര്‍ ലേഖനമെഴുതിയതെന്ന് അറിയില്ലെന്നും ലേഖനം പാർട്ടി പരിശോധിക്കട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മോഡിയുടെ അമേരിക്കൻ സന്ദർശനം ഒരു ഗുണവും ഉണ്ടാക്കിയിട്ടില്ലെന്നും വി ഡി സതീശന്‍ വിമര്‍ശിച്ചു.സ്റ്റാര്‍ട്ട് അപ്പ് രംഗത്തെ വളര്‍ച്ചയും വ്യവസായ സൗഹൃദ റാങ്കിങ്ങിൽ കേരളം ഒന്നാമത് എത്തിയതും ചൂണ്ടിക്കാട്ടിയാണ് ഇംഗ്ലീഷ് ദിനപത്രത്തിൽ തരൂരിന്റെ ലേഖനം. 

‘ചെയ്ഞ്ചിങ് കേരള;ലംബറിങ്‌ ജമ്പോ റ്റു എ ലൈത്‌ ടൈഗർ’ എന്ന തലക്കെട്ടിൽ ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് ദിനപത്രത്തിന്റെ എഡിറ്റോറിയൽ പേജിൽ വെള്ളിയാഴ്ച എഴുതിയ ലേഖനത്തിലാണ് കേരളത്തിലെ വ്യവസായ രംഗത്തുണ്ടായ വളർച്ചയെ ശശി തരൂർ പ്രശംസിച്ചത്. നാടിന്റെ വളര്‍ച്ച ക്യാപ്പിറ്റലിസത്തിലാണെന്ന് ബംഗാളിലേതു പോലെ കേരളത്തിലെ കമ്യൂണിസ്റ്റുകളും മനസ്സിലാക്കിയെന്നാണ് തരൂരിന്റെ നിരീക്ഷണം. വ്യവസായ അന്തരീക്ഷം അനുകൂലമാക്കിയ ഈസ് ഓഫ് ഡൂയിങ് ബിസിനസ് പട്ടികയിലെ കേരളത്തിന്റെ ഒന്നാം സ്ഥാനവും ചുവപ്പുനാടയിൽ കുരുങ്ങാതെ വ്യവസായ സാഹചര്യം ഒരുക്കുന്നതും തരൂർ ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. കേരളത്തിൽ സ്റ്റാര്‍ട് അപ്പ് രംഗത്തുണ്ടായ വളര്‍ച്ച സ്വാഗതാര്‍ഹമായ മാറ്റമെന്ന് തരൂര്‍ ലേഖനത്തില്‍ പറയുന്നുണ്ട്. സംസ്ഥാനത്തെ മുരടിപ്പിൽ നിന്ന് പുറത്ത് കൊണ്ടുവരാനുള്ള സാമ്പത്തിക മാറ്റത്തിന് എല്ലാ പാര്‍ട്ടികളും പിന്തുണയ്ക്കുമെന്ന് ആശിക്കുന്നതായും ലേഖനത്തിൽ പറയുന്നു. 

Exit mobile version