കോട്ടയം നഗരമധ്യത്തിൽ സെൻട്രൽ ജംഗ്ഷനിൽ സ്വകാര്യ ബസിനടിയിൽപ്പെട്ട ബൈക്ക് യാത്രക്കാരൻ അത്ഭുതകരമായി രക്ഷപെട്ടു. സ്വകാര്യ ബസിന്റെ മുൻ ചക്രങ്ങൾക്കടിയിൽ ബൈക്ക് കുടുങ്ങിങ്കിലും, ബസ് ഡ്രൈവർ കൃത്യ സമയത്ത് ബ്രേക്ക് ചെയ്തതാണ് വൻ ദുരന്തം ഒഴിവായത്.
അപകടത്തെ തുടർന്ന് കെ.കെ റോഡിൽ ഗതാഗത തടസവും ഉണ്ടായി. തിങ്കളാഴ്ച ഉച്ചയ്ക്ക് 11.30 ന് കോട്ടയം നഗരമധ്യത്തിൽ സെൻട്രൽ ജംഗ്ഷനിൽ ജോസ്കോ ജുവലറിയ്ക്ക് മുന്നിലായിരുന്നു അപകടം. തിരുനക്കര മൈതാനം ചുറ്റി എത്തിയ എസ്.എൻ.ടി എന്ന സ്വകാര്യ ബസ് , തിരുനക്കര ബസ് സ്റ്റാൻഡിലേയ്ക്കു തിരിയുകയായിരുന്നു. ഇതിനിടെ മുന്നിൽ പോയ ബൈക്ക് ബസിനടിയിൽ കുടുങ്ങുകയായിരുന്നു.
നാട്ടുകാരുടെയും വഴിയാത്രക്കാരുടെയും ബഹളം കേട്ട് സ്വകാര്യ ബസ് ഡ്രൈവർ ബ്രേക്ക് ചെയ്യുകയായിരുന്നു. ഇതോടെയാണ് റോഡിൽ വീണെങ്കിലും ബൈക്ക് യാത്രക്കാരൻ ബസിനടിയിൽ കുടുങ്ങാതെ രക്ഷപെട്ടത്.