Site iconSite icon Janayugom Online

കോണ്‍ഗ്രസില്‍ കലാപം തുടരുന്നു

കോണ്‍ഗ്രസില്‍ ജി23 കലാപം തുടരുന്നു. ഹിമാചൽ പ്രദേശ് സ്റ്റിയറിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനത്ത് നിന്ന് മുതിര്‍ന്ന നേതാവ് ആനന്ദ് ശർമ രാജിവച്ചു. തന്റെ ആത്മാഭിമാനം വച്ചു വിലപേശാൻ കഴിയില്ലെന്ന് സോണിയാ ഗാന്ധിക്ക് അയച്ച കത്തിൽ അദ്ദേഹം വ്യക്തമാക്കി. ജി23 വിമതരുടെ ഗ്രൂപ്പിലെ മറ്റൊരു അംഗമായ ഗുലാം നബി ആസാദും ജമ്മു കശ്മീർ തെരഞ്ഞെടുപ്പ് സമിതിയിൽ നിന്നും രാജിവച്ചിരുന്നു. ഹിമാചല്‍ പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ആനന്ദ് ശര്‍മയുടെ ഈ നീക്കം കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാകും. 

പാര്‍ട്ടി യോഗങ്ങളില്‍ തന്നെ അവഗണിച്ചതായി ശര്‍മ രാജിക്കത്തില്‍ വ്യക്തമാക്കി. ഹിമാചല്‍ കോണ്‍ഗ്രസിന്റെ കോര്‍ കമ്മിറ്റിയുടെയും തെരഞ്ഞെടുപ്പ് കമ്മിറ്റികളുടേയും യോഗങ്ങള്‍ ഡല്‍ഹിയിലും സംസ്ഥാനത്തും നടന്നെങ്കിലും തന്നെ ഇത് സംബന്ധിച്ച്‌ അറിയിച്ചില്ല. എങ്കിലും സംസ്ഥാനത്ത് പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്കായി പ്രചാരണം തുടരുമെന്നും അദ്ദേഹം അറിയിച്ചു. 

മുൻ കേന്ദ്രമന്ത്രിയും രാജ്യസഭയിലെ കോൺഗ്രസ് ഉപനേതാവുമായ ആനന്ദ് ശര്‍മയെ ഏപ്രിൽ 26നാണ് ഹിമാചൽ പ്രദേശിലെ സ്റ്റിയറിംഗ് കമ്മിറ്റി ചെയർമാനായി നിയമിച്ചത്. ജി23 നേതാക്കളെ ദേശീയ രാഷ്ട്രീയത്തില്‍ നിന്നും അകറ്റുന്നതിന്റെ ഭാഗമായാണ് ഇത്തരം സ്ഥാനങ്ങളെന്ന് ആരോപണമുണ്ട്. ജി-23 ഗ്രൂപ്പിലെ പ്രമുഖ നേതാക്കളായ ആസാദും ശർമയും പാർട്ടി നേതൃത്വത്തിന്റെ പല തീരുമാനങ്ങളെയും വിമർശിച്ച് പല തവണ രംഗത്തെത്തിയിട്ടുണ്ട്.

നവംബറിലാണ് ഹിമാചലില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. സംസ്ഥാനം ബിജെപിയില്‍നിന്ന് തിരിച്ചുപിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. ഇതിനായി വളരെ മുന്‍പുതന്നെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍, തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പുള്ള ആനന്ദ് ശര്‍മയുടെ അപ്രതീക്ഷിത രാജി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ആഘാതമായി മാറിയിട്ടുണ്ട്. 

Eng­lish Summary:Rebellion con­tin­ues in Congress
You may also like this video

Exit mobile version