Site iconSite icon Janayugom Online

‘ഗാന്ധി‘യില്ലാതെന്ത് കോണ്‍ഗ്രസ്!

തലചക്രംപോലെ കോണ്‍ഗ്രസ് അധ്യക്ഷപദവി ‘ഗാന്ധി‘ക്കു ചുറ്റും തീപ്പൊരി ചൊരിയുകയാണ്. കോണ്‍ഗ്രസ് സംഘടനാകാര്യം ഇന്ന് ഇന്ത്യക്കാര്‍ക്കൊരു കൗതുകംപോലുമല്ലാതായിരിക്കുന്നു. ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തില്‍ ഗാന്ധി കുടുംബത്തിനുള്ള ഇടം ചെറുതൊന്നുമല്ല. ഇത്രമേല്‍ ആദരവ് പിടിച്ചുപറ്റിയ തറവാടും രാജ്യത്ത് വേറെയില്ല. പുതിയ തലമുറയിലേക്കെത്തിയപ്പോഴേക്കും ഒരുപാട് അപഹാസ്യം ഏല്‍ക്കേണ്ടിവന്ന കുടുംബമായിമാറി. അതില്‍ ഇളമുറക്കാരനായ രാഹുല്‍ ഗാന്ധിയുടെ സംഭാവന വളരെ വലുതാണ്. ജവഹര്‍ലാല്‍ നെഹ്രുവിനുശേഷം ഇന്ദിരാഗാന്ധിയില്‍ നിന്ന് തുടങ്ങിയ ‘ഗാന്ധികുടുംബ’ത്തിന്റെ നേതൃപാടവം കോണ്‍ഗ്രസിന്റെ ഗ്രാഫ് വെടിപ്പോടെ വരച്ചുകാട്ടുന്നുണ്ട്. ഇന്ത്യന്‍ പാര്‍ലമെന്റിലും രാജ്യത്തെ മഹാഭൂരിപക്ഷം നിയമസഭകളിലും കോണ്‍ഗ്രസിനുണ്ടായ സ്വാധീനവും ശക്തിയും പരിശോധിച്ചാല്‍ ഇന്നത്തെ തലമുറയ്ക്ക് അത് എളുപ്പം ബോധ്യമാകും. കോണ്‍ഗ്രസിന്റെ നവതലമുറ പക്ഷെ അത്തരമൊരു പഠനത്തിനോ വിലയിരുത്തലിനോ മുതിരുന്നില്ലെന്നതാണ് ആ പാര്‍ട്ടിയുടെ ദുരവസ്ഥയ്ക്ക് കാരണം.

നിലവിലെ പ്രസിഡന്റ് സോണിയാ ഗാന്ധി വീണ്ടും അധ്യക്ഷസ്ഥാനത്തുനിന്ന് ഒഴിയാന്‍ സന്നദ്ധത അറിയിച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് അധ്യക്ഷപദവിയില്‍ സോണിയാഗാന്ധിയുടെ ആരോഹണാവരോഹണം സംഗീതപശ്ചാത്തലം പോലെ ഒഴുകാന്‍ തുടങ്ങിയിട്ട് വര്‍ഷമേറെയായി. രാജീവ് ഗാന്ധിക്കുശേഷം പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുകയും ഒഴിവാകുകയും ചെയ്ത മറ്റൊരാള്‍ കോണ്‍ഗ്രസിലില്ല. ഏറ്റവും കൂടുതല്‍ക്കാലം കോണ്‍ഗ്രസ് പ്രസിഡന്റായ നേതാവെന്ന റെക്കോഡുപോലെ തന്നെയാണ് പദവി ഒഴിഞ്ഞ ഖ്യാതിയും. രേഖാമൂലം രാജിവച്ച ചരിത്രവും സോണിയാഗാന്ധിക്കുണ്ട്. അന്ന് സോണിയക്ക് പിന്തുണയുമായി പാര്‍ട്ടി ആസ്ഥാനത്തിനടുത്ത് ആത്മാഹുതിക്ക് ശ്രമിച്ച പ്രവര്‍ത്തകരും കോണ്‍ഗ്രസിലുണ്ടായിരുന്നു. 2006 മാര്‍ച്ച് 23ന് നല്‍കിയ ആ രാജിക്കത്ത് പിന്‍വലിക്കാതെ തന്നെ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്ത് തുടരാനും സോണിയക്ക് മടിയുണ്ടായില്ല.


ഇതുകൂടി വായിക്കുക:ഗാന്ധിജിയും നെഹ്രുവും കമ്മ്യൂണിസ്റ്റുകാരും തിരസ്കരിക്കപ്പെടുന്ന ചരിത്രവെെകൃതം


സോണിയയുടെ പാര്‍ട്ടി ചരിത്രം അങ്ങനെയാണെങ്കില്‍ പിന്നീട് പ്രസിഡന്റ് പദവിയിലെത്തിയ രാഹുല്‍ ഗാന്ധിയുടെ സ്ഥിതി അതിലും പരിതാപകരമാണ്. ആവര്‍ത്തിച്ചുള്ള പ്രതികൂല ജനവിധികളിലും പാര്‍ട്ടിയുടെ തകര്‍ച്ചയിലും മനംനൊന്തും അതിന്റെ ഉത്തരവാദിത്തങ്ങളേറ്റെടുത്തും രണ്ട് വര്‍‍ഷംമാത്രം തുടര്‍ന്ന അധ്യക്ഷസ്ഥാനം 2019ല്‍ രാജിവച്ചു. പിന്നീടിങ്ങോട്ട് രാഹുലിന്റെ പ്രവര്‍ത്തനം ഏതുവിധമാണെന്ന് ലോകം കാണുകയാണ്. രാഹുലിനെ മുന്നില്‍ നിര്‍ത്തി നിരവധി തെരഞ്ഞെടുപ്പുകള്‍ കോണ്‍ഗ്രസ് നേരിട്ടു. ഓരോ സംസ്ഥാനത്തും തോല്‍വിയുടെ പടുകുഴിയിലേക്ക് പതിക്കുകയായിരുന്നു പാര്‍ട്ടി. ദേശീയ രാഷ്ട്രീയത്തിന്റെ പ്രാധാന്യവും പ്രസക്തിയും മനസിലാക്കിയ കേരളം അക്കാര്യത്തില്‍ കോണ്‍ഗ്രസിന് ഒരപമാനമായി. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായാണ് രാഹുലിനെ കേരളത്തില്‍ മത്സരിപ്പിച്ചതും ഫാസിസ്റ്റ് വിരുദ്ധ വോട്ടുകള്‍ കേന്ദ്രീകരിപ്പിച്ച് നേട്ടമുണ്ടാക്കാനായതും. മറ്റിടങ്ങളിലെല്ലാം തകര്‍ന്നടിഞ്ഞെന്നുമാത്രമല്ല, പാര്‍ലമെന്റില്‍ പ്രതി പക്ഷ നേതൃപദവിപോലും ലഭിക്കാത്ത വിധത്തിലെത്തി കാര്യങ്ങള്‍.
മുന്‍നിര നേതാക്കളെല്ലാം ഹൈക്കമാന്‍ഡിനും രണ്ടാംനിര നേതാക്കള്‍ക്കും അനഭിമതരാണ്. പാര്‍ട്ടിയെ വീണ്ടെടുക്കാനുള്ള മുതിര്‍ന്ന നേതാക്കളുടെ ശ്രമങ്ങളെ ജി23 ഗ്രൂപ്പെന്ന മാധ്യമവിശേഷണം ചാര്‍ത്തി അവഗണിക്കുന്നു. തിരുത്താന്‍ ശ്രമിക്കുന്നവര്‍ക്ക് വിമതരെന്ന പതിവ് പല്ലവി. ദേശീയ മാധ്യമങ്ങളിലേറെയും കോണ്‍ഗ്രസിലെ പ്രതിസന്ധികളെ എരിതീയില്‍ എണ്ണയൊഴിക്കും വിധം ആളിക്കത്തിക്കുന്നു. സംഘ്പരിവാറിനും ബിജെപിക്കും നേട്ടമുണ്ടാക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നത് കോണ്‍ഗ്രസിലെ പുതിയ കുത്തിത്തിരുപ്പ് നേതാക്കളും മനസിലാക്കുന്നില്ല. ഇപ്പോള്‍ പുതിയ പ്രസിഡന്റിനുള്ള തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുകയാണ്. നേരിട്ടിരുന്ന് തീരുമാനമെടുക്കാന്‍ പോലും കഴിയാത്ത അവസ്ഥയില്‍ വരുന്ന ഞായറാഴ്ച ഓണ്‍ലൈനിലൂടെ പ്രവര്‍ത്തകസമിതി ചേരാനാണ് ആലോചന. 24 വര്‍ഷമായി ഗാന്ധികുടുംബമാണ് കോണ്‍ഗ്രസിന്റെ തലപ്പത്തുള്ളത്. അതില്‍ മാറ്റങ്ങളുണ്ടാകുമോ എന്നാണ് രാജ്യം കാത്തിരിക്കുന്നത്.

രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടാണ് ഇന്ന് കോണ്‍ഗ്രസില്‍ അനക്കമുണ്ടാക്കിക്കൊണ്ടിരിക്കുന്നത്. സംസ്ഥാന കോണ്‍ഗ്രസിലെയും സര്‍ക്കാരിലെയും പ്രതിസന്ധികളെ തരണംചെയ്യാന്‍ പോലും കഴിയാത്ത ദുരവസ്ഥയിലാണ് അദ്ദേഹം കളി കേന്ദ്രത്തിലേക്ക് മാറ്റിയത്. പാര്‍ട്ടി ദേശീയ അധ്യക്ഷപദവിയടക്കം ഇന്ന് അശോക് ഗെലോട്ടിന്റെ മുന്നിലുണ്ടെന്നാണ് ഡല്‍ഹി വര്‍ത്തമാനം. മഹാരാഷ്ട്രയിലും ഗുജറാത്തിലുമെല്ലാം കോണ്‍ഗ്രസിന്റെ സംഘടനാ പ്രശ്നങ്ങളും സര്‍ക്കാര്‍ പ്രതിസന്ധികളും പരിഹരിക്കുന്നതില്‍ അതീവ ശ്രദ്ധാലുവായി ഗെലോട്ട് നിലകൊണ്ടു. അതിനെതിരെ കോണ്‍ഗ്രസിനകത്തും പുറത്തും നിരവധി ആക്ഷേപങ്ങളും ഉയര്‍ന്നിരുന്നു. അതൊന്നും ചെവികൊള്ളാതെ ഊര്‍ജ്ജസ്വലനായി ‘മുന്നേറുകയാണ്’ ഗെലോട്ട്. നിലവില്‍ ഗുജറാത്തിലെ പാര്‍ട്ടി നിരീക്ഷകനാണ് അദ്ദേഹം. ‘രാഹുലാണ് ഞങ്ങളുടെ നേതാവ്, അദ്ദേഹത്തെ പാര്‍ട്ടി അധ്യക്ഷനാക്കണം’ എന്നാണ് ഇപ്പോള്‍ ഗെലോട്ടിന്റെ മുദ്രാവാക്യം. അധ്യക്ഷപദവി അലര്‍ജിയായി കാണുന്ന രാഹുല്‍, ആ സ്ഥാനം ഗെലോട്ടിനിരിക്കട്ടെയെന്ന് തിരിച്ചുപറഞ്ഞാലോ!. അതല്ല, രാഹുലിനെ ഇത്രയേറെ പിന്തുണയ്ക്കകയും ഏല്പിക്കുന്ന ജോലികള്‍, ഭരണത്തിരക്കുകളൊഴിവാക്കി ഓടിനടന്ന് നിര്‍വഹിക്കുകയും ചെയ്യുന്ന ഗെലോട്ടിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കാതിരിക്കാനുള്ള മനസെങ്കിലും കാണിച്ചാലോ. എന്തും സംഭവിക്കാമെന്നതാണ് കോണ്‍ഗ്രസിലെ സ്ഥിതി. മുമ്പൊരിക്കലും കോണ്‍ഗ്രസ് പരിസരത്ത് കാണാത്ത, ഹൈക്കമാന്‍ഡിന്റെ ഇഷ്ടക്കാരായ ഒട്ടേറെ പേരാണ് പരമ്പരാഗത പ്രവര്‍ത്തകരെ പോലും ഞെട്ടിച്ച് എഐസിസിയുടെ നേതൃപദവികളില്‍ ഇരിക്കുന്നത്.


ഇതുകൂടി വായിക്കുക: പ്രതിമകളിൽ പ്രചരിക്കുന്ന വിദ്വേഷ രാഷ്ട്രീയം


എന്തായാലും രാഹുല്‍ ഗാന്ധി രാജ്യപര്യടനത്തിനിറങ്ങുകയാണ്. അതിനുമുമ്പ് സോണിയയുടെ ചികിത്സയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി അവരോടൊപ്പം വിദേശയാത്ര നടത്തും. ‘മെഹാംഗൈ പര്‍ ഹല്ലാ ബോല്‍’ എന്ന് പേരിട്ട രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയപര്യടന യാത്ര കന്യാകുമാരിയില്‍ നിന്നാണ് ആരംഭിക്കുന്നത്. കോണ്‍ഗ്രസിന്റെ വീണ്ടെടുപ്പിനും ശക്തമായ യോജിപ്പിനും ഈ രാഷ്ട്രീയ യാത്ര ഉപകരിക്കുമെങ്കില്‍ അതൊരു നേട്ടമായിരിക്കുമെന്നാണ് വിലയിരുത്തല്‍. സെപ്റ്റംബര്‍ 20നകം പുതിയ ദേശീയ പ്രസിഡന്റ് ഉണ്ടാകുമെന്ന സൂചനകളും പ്രതീക്ഷകള്‍ പങ്കുവയ്ക്കുന്നു. അത് ഇലക്ഷനായിരിക്കുമോ സെലക്ഷനാകുമോ എന്നുമാത്രമാണ് അറിയാനിരിക്കുന്നത്.

Exit mobile version