Site iconSite icon Janayugom Online

ഗ്രാമീണര്‍ക്ക് നേരെ സുരക്ഷാസേനയുടെ വെടിവയ്പ്,സംഘര്‍ഷം: അന്വേഷണം പ്രഖ്യാപിച്ച് സൈന്യം

നാഗാലാന്‍ഡില്‍ ഗ്രാമീണര്‍ക്ക് നേരെ സുരക്ഷാസേന നടത്തിയ വെടിവയ്പ്പില്‍ 13 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടു. സൈനികവാഹനങ്ങള്‍ക്ക് തീയിട്ടു. മേഖലയില്‍ ഇന്നലെയുണ്ടായ പ്രതിഷേധത്തില്‍ ഒരാള്‍കൂടി മരിച്ചു.

മോണ്‍ ജില്ലയിലെ ഓട്ടിങ് മേഖലയിലെ ടിരു ഗ്രാമത്തില്‍ ശനിയാഴ്ച വൈകിട്ടാണ് സംഭവം. കല്‍ക്കരി ഖനിയില്‍ നിന്ന് ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ഗ്രാമീണരാണ് അതിദാരുണമായി കൊല്ലപ്പെട്ടത്.

നാഗാ വിഘടനവാദികളുടെ നീക്കം സംബന്ധിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പാരാ സ്പെഷ്യല്‍ ഫോഴ്സിന്റെ കമാന്‍ഡോ സംഘം മ്യാന്‍മര്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ടിരു ഗ്രാമത്തിലെത്തിയത്. അതീവ രഹസ്യമായി നടന്ന ഓപ്പറേഷനെക്കുറിച്ച് ലോക്കല്‍ പൊലീസിനും സുരക്ഷയുടെ പ്രധാന ചുമതല വഹിക്കുന്ന അസം റൈഫിള്‍സിനും അറിവുണ്ടായിരുന്നില്ല. മൂന്ന് വാഹനങ്ങളിലായി ഒരു മേജറുടെ നേതൃത്വത്തിലെത്തിയ സൈനികസംഘം ടിരു-ഓട്ടിങ് റോഡിലൂടെ വരികയായിരുന്ന വാഹനത്തിനുനേര്‍ക്ക് നിറയൊഴിക്കുകയായിരുന്നു. തീവ്രവാദികളെന്ന് തെറ്റിദ്ധരിച്ചാണ് ട്രക്കില്‍ സഞ്ചരിച്ചിരുന്ന ഗ്രാമീണര്‍ക്കെതിരെ വെടിയുതിര്‍ത്തതെന്നാണ് റിപ്പോര്‍ട്ട്.

ആറ് ഗ്രാമീണര്‍ സംഭവസ്ഥലത്തു തന്നെ വെടിയേറ്റ് മരിച്ചു. രണ്ടുപേര്‍ ആശുപത്രിയിലും മരിച്ചു. രോഷാകുലരായ നാട്ടുകാര്‍ കല്ലുകളും കത്തികളുമായി സുരക്ഷാ സേനയെ വളഞ്ഞു. മൂന്ന് സൈനികവാഹനങ്ങള്‍ക്ക് തീയിട്ടു. സൈന്യം നടത്തിയ രണ്ടാമത്തെ വെടിവയ്പ്പില്‍ അഞ്ച് ഗ്രാമീണര്‍ക്കുകൂടി ജീവന്‍ നഷ്ടമായി. ആറുപേര്‍ക്ക് വെടിയേറ്റിട്ടുണ്ട്. സംഘര്‍ഷത്തില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടതായും നിരവധി സൈനികര്‍ക്ക് പരിക്കേറ്റതായും അസം റൈഫിള്‍സ് മൂന്നാം കോര്‍ അറിയിച്ചു.

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് മോണ്‍ ജില്ലയില്‍ മൊബൈല്‍ ഇന്റര്‍നെറ്റും എസ്എംഎസും വിലക്കി. എന്‍എസ്‌സിഎന്‍(കെ), ഉള്‍ഫ സംഘടനകള്‍ക്ക് ഏറെ സ്വാധീനമുള്ള മേഖലയാണ് മോണ്‍. ഇന്നലെ വൈകിട്ടോടെ മോണ്‍ നഗരത്തിലെ അസം റൈഫിള്‍സ് ക്യാമ്പിനുനേര്‍ക്ക് ആക്രമണമുണ്ടായി. ഇതിലാണ് ഒരു ഗ്രാമീണന്‍ കൂടി കൊല്ലപ്പെട്ടത്. കൂട്ടക്കുരുതിയെത്തുടര്‍ന്ന് നാഗാലാന്‍ഡിലെ ഏറ്റവും വലിയ ഗോത്രോത്സവമായ ഹോണ്‍ബില്‍ ഫെസ്റ്റിവല്‍ റദ്ദാക്കി. വെടിവയ്പ്പില്‍ മരിച്ച ഗ്രാമീണര്‍ ഉള്‍പ്പെടുന്ന കോന്യാക് സമുദായവും മറ്റ് ആറ് പ്രമുഖ ഗോത്രസമൂഹങ്ങളും ഉത്സവത്തില്‍ നിന്നും പിന്മാറിയിരുന്നു.

 

അന്വേഷണം പ്രഖ്യാപിച്ച് സൈന്യം

 

കൊഹിമ: ഗ്രാമീണര്‍ കൊല്ലപ്പെടാനിടയായ സംഭവം അങ്ങേയറ്റം ഖേദകരമാണെന്ന് അസം റൈഫിള്‍സ്. ഗ്രാമീണര്‍ കൊല്ലപ്പെടാനുണ്ടായ സാഹചര്യത്തെക്കുറിച്ച്‌ ഉന്നത തല അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്നും ലഫ്.കേണല്‍ സുമിത് കെ ശര്‍മ്മ അറിയിച്ചു.

സംസ്ഥാന സര്‍ക്കാരും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. വെടിവയ്പ്പിനെ അപലപിക്കുകയാണെന്നും രാജ്യത്തെ നിയമമനുസരിച്ച് എല്ലാവര്‍ക്കും നീതി ഉറപ്പാക്കുമെന്നും നാഗാലാന്‍ഡ് മുഖ്യമന്ത്രി നെഫിയു റിയോ പറഞ്ഞു. ജനങ്ങളെല്ലാവരും സംയമനം പാലിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും വെടിവയ്പ്പിനെ അപലപിച്ചു. ഒരിക്കലും നടക്കാന്‍ പാടില്ലാത്ത സംഭവമാണ് ഉണ്ടായതെന്ന് അമിത് ഷാ പറഞ്ഞു.

Eng­lish Sum­ma­ry: Secu­ri­ty forces open fire on vil­lagers, clash: 15 dead

You may like this video also

<iframe width=“560” height=“315” src=“https://www.youtube.com/embed/2oT9C_Gh1pk” title=“YouTube video play­er” frameborder=“0” allow=“accelerometer; auto­play; clip­board-write; encrypt­ed-media; gyro­scope; pic­ture-in-pic­ture” allowfullscreen></iframe>

Exit mobile version