ഡിജിറ്റൽ അറസ്റ്റ് പോലുള്ള തട്ടിപ്പുകൾക്കെതിരെശക്തമായ ജാഗ്രത വേണമെന്നും അത്തരം കോളുകൾ വന്നാൽ പരിഭ്രാന്തരാകരുതെന്നും പ്രധാനമന്ത്രി നരേന്ദ്രമോഡി. ഡിജിറ്റൽ അറസ്റ്റ് എന്നൊന്നില്ല. ഒരു അന്വേഷണ ഏജൻസിക്കും ഇന്ത്യയിൽ ഡിജിറ്റൽ രീതിയിൽ അറസ്റ്റ് ചെയ്യാനാവില്ല. ഒരു വ്യക്തിഗത വിവരങ്ങളും കൈമാറരുത്. ഉടൻതന്നെ നാഷണൽ സൈബർ ഹെൽപ്പ് ലൈനിൽ വിവരം അറിയിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. മൻ കി ബാത്തിന്റെ 115-ാം എപ്പിസോഡിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി .
ഇത്തരം ഘട്ടങ്ങളിൽ പരിഭ്രാന്തരാകാതെ ചിന്തിച്ച് പ്രവർത്തിക്കണം. കഴിയുമെങ്കിൽ വീഡിയോ കോളിന്റെ സ്‌ക്രീൻഷോട്ട് എടുക്കണം. അല്ലെങ്കിൽ റെക്കോർഡ് ചെയ്യണം. പിന്നീട് ദേശീയ സൈബർ ഹെൽപ്പ് ലൈൻ നമ്പറായ 1930ൽ വിളിച്ച് വിവരമറിയിക്കണം. തുടർന്ന് cybercrime.gov.in എന്ന ഇ — മെയിൽ വിലാസത്തിലേക്ക് തെളിവുകളടക്കം പരാതി അയയ്‌ക്കണം. പൊലീസിലും വിവരങ്ങൾ കൈമാറണം. പരാതികൾ വ്യാപകമായതോടെ നാഷണൽ സൈബർ കോർഡിനേഷൻ സെന്റർ തയ്യാറാക്കി കഴിഞ്ഞു. സംസ്ഥാന സർക്കാരുകളുമായി ചേർന്നാണ് പ്രവർത്തനമെന്നും അദ്ദേഹം പറഞ്ഞു.