തൊഴിലാളിവർഗം യഥാർത്ഥ ശത്രുക്കളെ തിരിച്ചറിയണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കോർപ്പറേറ്റ് മൂലധന ശക്തികളും, മത വർഗ്ഗീയ ശക്തികളും ചേർന്ന് തൊഴിലാളികൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കി ചൂഷണത്തിന് വിധേയരാക്കുന്നു. വർഗ ബോധത്തിലധിഷ്ഠിതമായ ശക്തമായ പ്രക്ഷോഭത്തിലൂടെയും, വർഗ ഐക്യത്തിലൂടെയും ശത്രുക്കളെ ചെറുത്ത് തോൽപ്പിക്കാനാവണം. നാനാത്വത്തിൽ ഏകത്വമെന്ന ഇന്ത്യയുടെ സാംസ്കാരിക പൈതൃകം ഉയർത്തിപ്പിടിക്കേണ്ടത് തൊഴിലാളി വർഗമാണ്.
കോട്ടക്കൽ ആര്യവൈദ്യശാല വർക്കേഴ്സ് യൂണിയൻ എഐടിയുസിയുടെ 73-ാംമത് വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം. വർക്കിംഗ് പ്രസിഡന്റ് കെ സുകുമാരൻ അധ്യക്ഷത വഹിച്ചു. സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി പി സുനീർ എംപി മുഖ്യാതിഥിയായി. എഐടിയുസി ജില്ല സെക്രട്ടറി അഡ്വ. പി പി ബാലകൃഷ്ണൻ, ജില്ല പ്രസിഡന്റ് എം എ റസാഖ്, വർക്കിംഗ് പ്രസിഡന്റ് എന്‍ കെ ഉണ്ണികൃഷ്ണൻ മൂസ്ത് എന്നിവർ സംസാരിച്ചു. കെ പ്രേമാനന്ദൻ രക്തസാക്ഷി പ്രമേയവും പി ഡി ജയറാം അനുശോചന പ്രമേയം അവതരിപ്പിച്ചു.