മഹാരാഷ്ട്രയിലും ജാർഖണ്ഡിലും നടന്ന നിയമസഭാ തെരഞ്ഞെടുപ്പ്കളിൽ നരേന്ദ്രമോഡിയും രാഹുൽഗാന്ധിയും പെരുമാറ്റ ചട്ടം ലംഘിച്ചുവെന്ന പരാതിയിൽ ബിജെപിക്കും കോൺഗ്രസിനും തെരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസ്. ബിജെപി അധ്യക്ഷൻ ജെ പി നഡ്ഡയ്ക്കും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കുമാണ് ഇലക്ഷൻ കമ്മിഷൻ നോട്ടീസ് അയച്ചത് .
തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണിക്കകം വിശദീകരണം നൽകണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുള്ളത്. പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി മഹാരാഷ്ട്രയിൽ ഭരണഘടനയെക്കുറിച്ച് തെറ്റായ പ്രസ്താവനകൾ നടത്തുകയും സംസ്ഥാനങ്ങൾക്കിടയിൽ ഭിന്നത സൃഷ്ടിക്കാൻ ശ്രമിച്ചുവെന്നും ബിജെപി തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും മഹാരാഷ്ട്രയിലും ഝാർഖണ്ഡിലും ജനങ്ങളെ ഭിന്നിപ്പിക്കുന്ന പ്രസംഗങ്ങൾ നടത്തിയെന്ന് ആരോപിച്ച് കോൺഗ്രസും രണ്ട് പരാതി നൽകിയിരുന്നു. ഈ രണ്ട് പരാതികളിലുമാണ് ഇരു പാർട്ടികൾക്കും തെരഞ്ഞെടുപ്പ് കമ്മിഷൻ നോട്ടീസ് അയച്ചത്. ഝാർഖണ്ഡിലെ നിയമസഭാ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായാണ് നടക്കുന്നത്, രണ്ടാം ഘട്ടം നവംബർ 20 ന് നടക്കും . മഹാരാഷ്ട്ര ഒറ്റ ഘട്ടമായി നവംബർ 20ന് വോട്ടെടുപ്പ് നടത്തും. രണ്ട് സംസ്ഥാനങ്ങളിലെയും വോട്ടെണ്ണൽ നവംബർ 23ന് നടക്കും.