Site iconSite icon Janayugom Online

പാമ്പന്‍ മാധവന്‍ സ്മാരക പത്രപ്രവര്‍ത്തക അവാര്‍ഡ് ആര്‍ സാംബന്

മികച്ച റൂറല്‍ റിപ്പോര്‍ട്ടിങ്ങിന് കണ്ണൂര്‍ പ്രസ്‌ക്ലബ് ഏര്‍പ്പെടുത്തിയ 2024 ലെ പാമ്പന്‍ മാധവന്‍ സ്മാരക പത്രപ്രവര്‍ത്തക അവാര്‍ഡ് ജനയുഗം ഇടുക്കി ബ്യൂറോ ചീഫ് ആര്‍ സാംബന്. ‘എങ്ങനെ കെട്ടു നക്ഷത്രവെളിച്ചം’ എന്ന ശീര്‍ഷകത്തില്‍ 2024 നവംബര്‍ 15 മുതല്‍ ആറു ദിവസങ്ങളിലായി ജനയുഗം പ്രസിദ്ധീകരിച്ച പരമ്പരയ്ക്കാണ് അവാര്‍ഡ്. 10,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന അവാര്‍ഡ് പിന്നീട് സമ്മാനിക്കുമെന്ന് പ്രസ് ക്ലബ് പ്രസിഡന്റ് സി സുനിൽ കുമാർ, സെക്രട്ടറി കബീർ കണ്ണാടിപ്പറമ്പ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ദീപിക ഡെപ്യൂട്ടി എഡിറ്റര്‍ എം റോയി, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ സി പി സുരേന്ദ്രന്‍, ഇ എം രഞ്ജിത്ത് ബാബു എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്. പത്രസമ്മേളനത്തില്‍ ജൂറിയംഗം ഇ എം രഞ്ജിത്ത് ബാബുവും പങ്കെടുത്തു. ജനയുഗം ഇടുക്കി ബ്യൂറോ ചീഫായ ആര്‍ സാംബന്‍ തൊടുപുഴ കോലാനി സ്വദേശിയാണ്. 33 വര്‍ഷമായി മാധ്യമ പ്രവര്‍ത്തകന്‍. പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ഏര്‍പ്പെടുത്തിയിട്ടുള്ള ദേശീയ മാധ്യമ പുരസ്‌കാരത്തിന് രണ്ടു വട്ടം അര്‍ഹനായി. സരോജിനി നായിഡു പുരസ്‌കാരം, രാംനാഥ് ഗോയങ്ക അവാര്‍ഡ്, സ്റ്റേറ്റ്‌സ്മാന്‍ അവാര്‍ഡ് ഫോര്‍ റൂറല്‍ റിപ്പോര്‍ട്ടിങ്ങ് തുടങ്ങി അമ്പതിലേറെ മാധ്യമ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. തൊടുപുഴ കോലാനി ഓവൂര്‍ കുടുംബാംഗമാണ്. ഭാര്യ: സേതുമോള്‍. മക്കള്‍: സാന്ദ്ര, വൃന്ദ. 

Exit mobile version