Site iconSite icon Janayugom Online

‘പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുന്നു’; ട്വീറ്റ് പിന്‍വലിച്ച് രാജീവ് ചന്ദ്രശേഖര്‍

കേന്ദ്രമന്ത്രിസഭയില്‍ ഉള്‍പ്പെടുത്താത്തതില്‍ പരസ്യപ്രതികരണവുമായി രാജീവ് ചന്ദ്രശേഖര്‍ രംഗത്ത്. കഴിഞ്ഞ മന്ത്രിസഭയിലെ ഇലക്ട്രോണിക്സ്, ഐടി മന്ത്രിയും തിരുവനന്തപുരത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായിരുന്നു രാജീവ് ചന്ദ്രശേഖര്‍. 18 വര്‍ഷത്തെ പൊതുസേവനം അവസാനിപ്പിക്കുന്നുവെന്നാണ് സമൂഹമാധ്യമമായ എക്സില്‍ കുറിച്ചത്. “തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടിവരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെ“ന്നും അദ്ദേഹം പറഞ്ഞു.
നരേന്ദ്രമോഡി സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് തൊട്ടുമുന്‍പായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ പരസ്യമായ പ്രതികരണം. വലിയ ചര്‍ച്ചയായതോടെ, മിനിട്ടുകള്‍ക്കുള്ളില്‍ എക്സിലെ കുറിപ്പ് ഡിലീറ്റ് ചെയ്തു. സഹായിയുടെ ഭാഗത്തുനിന്നുണ്ടായ തെറ്റാണെന്ന തരത്തിലായിരുന്നു ന്യായീകരണം. 

“മൂന്നു വർഷം പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സർക്കാരിൽ ജനങ്ങളെ സേവിക്കാനുള്ള അവസരം ലഭിച്ചു. ഒരു തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട സ്ഥാനാർത്ഥി എന്ന നിലയിൽ തന്റെ 18 വർഷത്തെ പൊതുസേവനം അവസാനിപ്പിക്കാൻ ഞാൻ തീർച്ചയായും ഉദ്ദേശിച്ചിരുന്നില്ല. പക്ഷേ അങ്ങനെയാണ് സംഭവിച്ചത്”. നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നന്ദി രേഖപ്പെടുത്തിയാണ് രാജീവ് ചന്ദ്രശേഖറിന്റെ കുറിപ്പ് അവസാനിക്കുന്നത്. തൊട്ടുപിന്നാലെ ചെറിയ തിരുത്തൽ വരുത്തി. ‘‘ബിജെപി പ്രവർത്തകൻ എന്ന നിലയിൽ തുടരും, മന്ത്രി, എംപി എന്നീ നിലകളിലുള്ള പ്രവർത്തനമാണ് അവസാനിപ്പിക്കുന്നത്’’ എന്നായിരുന്നു തിരുത്ത്. 

ബഹുശതകോടീശ്വരനും വ്യവസായിയുമായ രാജീവ് ചന്ദ്രശേഖർ കർണാടകത്തിൽ ബിജെപിയുടെ പ്രധാന ഫണ്ട് ദാതാവായിരുന്നു. തിരുവനന്തപുരത്ത് മത്സരിക്കാനുള്ള നിര്‍ദേശം കേന്ദ്രനേതൃത്വം നല്‍കിയപ്പോള്‍ അനുസരിക്കുകയും വിജയത്തിനായി പരിശ്രമിക്കുകയും ചെയ്ത തന്നെ തള്ളിക്കളയുന്ന നിലപാടാണ് ഇപ്പോഴുണ്ടായതെന്നാണ് രാജീവിന്റെ പരാതി. രാജ്യസഭയിലേക്കും അവസരം നൽകില്ലെന്ന് ഉറപ്പായതോടെയാണ് പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നതായുള്ള പ്രഖ്യാപനം നടത്തിയത്. പദവികൾ ലഭിക്കുന്നതിന് കേന്ദ്രനേതൃത്വത്തോടുള്ള വിലപേശലായും അദ്ദേഹത്തിന്റെ നീക്കം വിലയിരുത്തപ്പെടുന്നുണ്ട്. 

Eng­lish Summary:‘termination of pub­lic ser­vice”; Rajeev Chan­drasekhar retract­ed the tweet
You may also like this video

Exit mobile version