Site iconSite icon Janayugom Online

ബിജെപിയെ വെല്ലുവിളിച്ച് ഉദ്ദവ് താക്കറെ

നിങ്ങൾക്ക് സംസ്ഥാനത്ത് ഭരണത്തിൽ വരണമെങ്കിൽ,നീചമല്ലാത്ത പ്രവർത്തനങ്ങളിലൂടെ വരണം. അല്ലാതെ ക്രൂരമായ പ്രവർത്തികളിലൂടെയല്ല ഭരണത്തിൽ വരാൻ ശ്രമിക്കേണ്ടതെന്ന് ബിജെപിയോട് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഉദ്ദവ് താക്കറെയുടെ ബന്ധുവിന്റെ ആറ് കോടിയിലധികം മൂല്യമുള്ള സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് താല്‍കാലികമായി കണ്ടുകെട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം

ആരുടെയും കുടുംബങ്ങളെ ഇത്തരത്തിൽ ഉപദ്രവിക്കരുതെന്നും ഉദ്ദവ് താക്കറെ പ്രതികരിച്ചു.നിങ്ങൾക്ക് എന്നെ ജയിലിലാക്കാൻ താൽപര്യപ്പെടുന്നുവെങ്കിൽ അധികാരത്തിൽ വരാനും തന്നെ ജയിലിൽ ആക്കണമെന്നും അല്ലാതെ കുടുംബങ്ങളെ ഉപദ്രവിക്കുകയല്ല ചെയ്യേണ്ടതെന്നും അദ്ദേഹം പ്രതികരിച്ചു. താക്കറെയുടെ ബന്ധു ശ്രീധര്‍ പടങ്കറിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ താനെ വര്‍ത്തക് നഗറിലെ നീലാംബരിപദ്ധതിയിലെ 11 അപ്പാര്‍ട്ടുമെന്റുകള്‍ ഉള്‍പ്പെടെയാണ് ഇഡി കഴിഞ്ഞ ദിവസം കണ്ടുകെട്ടിയത്. കേസില്‍ നിലവിൽ അന്വേഷണം പുരോഗമിക്കുകയാണ്.ശ്രീധറിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് ശ്രീ സായിബാബ ഗൃഹനിര്‍മിതി പ്രൈവറ്റ് ലിമിറ്റഡ്

കള്ളപ്പണം വെളുപ്പിക്കല്‍ കേസ് അന്വേഷണം നടക്കുന്ന പുഷ്പക് ബുള്ളിയന്‍ എന്ന കമ്പനിയില്‍ നിന്നുള്ള ഫണ്ട് സായിബാബ ഗൃഹനിര്‍മിതി പ്രൈവറ്റ് ലിമിറ്റഡിന്റെ പ്രോജക്ടുകളില്‍ നിക്ഷേപിച്ചതായാണ് കേന്ദ്ര ഏജന്‍സി ആരോപണം.കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസമാണ് മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കിനെ ഇഡി അറസ്റ്റ് ചെയ്‌തത്. ഏപ്രില്‍ 4 വരെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് നവാബ് മാലിക്. 

വിഷയത്തിൽ ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി ശിവസേന രംഗത്തെത്തിയിരുന്നു. ഗുജറാത്ത് പോലെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇഡി ഓഫീസുകൾ അടച്ചതായി തോന്നുന്നുവെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത് പറഞ്ഞു. ബംഗാൾ, മഹാരാഷ്‌ട്ര പോലെയുള്ള സംസ്ഥാനങ്ങൾ ഇ.ഡിയുടെ പീഡനങ്ങൾക്ക് വഴങ്ങില്ലെന്നും മമതാ ബാനര്‍ജിയുടെ അനന്തരവനും എംപിയുമായ അഭിഷേക് ബാനര്‍ജിയെ ചോദ്യം ചെയ്‌ത സംഭവം പരാമർശിച്ച് മമതാ ബാനർജി കൂട്ടിച്ചേർത്തു.

നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കമാണ് ബിജെപി ശിവസേന സഖ്യം തകരുന്നതിന് കാരണമായത്. തിരഞ്ഞെടുപ്പിൽ ബിജെപിക്ക് 105 സീറ്റുകളാണ് കിട്ടിയത്. സേനയ്ക്ക് 56 സീറ്റുകൾ. 288 അംഗങ്ങളുള്ള നിയമസഭയിൽ കേവലഭൂരിപക്ഷത്തിന് 145 സീറ്റുകൾ വേണം. ഈ സാഹചര്യത്തിലാണ് കോൺഗ്രസ് എൻസിപി സഖ്യത്തിലേക്ക് ശിവസേന നീങ്ങിയത്.

മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പിനു ശേഷം രൂപപ്പെട്ട എൻസിപി-ശിവസേന‑കോൺഗ്രസ് കൂട്ടുകെട്ടിനെതിരെ ബിജെപി സുപ്രീം കോടതിയെ വരെ സമീപിച്ചിരുന്നു. ത്രികക്ഷി സഖ്യത്തിന് സർക്കാർ രൂപീകരിക്കാൻ അനുമതി നൽകരുതെന്നാണ് ബിജെപി സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടത്. ജനവിധിയെ മാനിക്കാതെയുള്ള അവിശുദ്ധ കൂട്ടുകെട്ട് അംഗീകരിക്കരുതെന്നും ബിജെപി സുപ്രീം കോടതിയിൽ പറഞ്ഞു. എന്നാൽ കോടതി ഈ വാദങ്ങളെ നിരാകരിക്കുകയായിരുന്നു.

Eng­lish Sum­ma­ry: Uddhav Thack­er­ay chal­lenges BJP

You may also like this video:

Exit mobile version