Site icon Janayugom Online

‘മര’ ചിന്തുകൾ

തണലായിരുന്നു ഞാൻ — വെറും
മരമായിരുന്നില്ല
മരമായിരുന്നു- വെറും
തണലായിരുന്നില്ല
മരമല്ല തണലല്ല തണിയല്ല
ശ്വസിക്കാനിനിയും ബാക്കിയാവേണ്ട
വായു വാഹകനാകുന്നു ഞാൻ
പ്രകൃതിയുടെ തുടിപ്പിൽ മടുപ്പില്ലാതെ
മതിയാവോളം മണ്ണിൽ നിന്നും
ചുരത്തിതരുന്നു നീരുറവ ‑എന്നിട്ടും
ഞാൻ വെറും മരം പോലെ
മരവിച്ചു നിന്നില്ല
കൊടുങ്കാറ്റുയർത്തുന്ന ഭീതിയെ
ഈ കരങ്ങളാൽ തഴുകി തഴുകി
തെന്നലായ് മാറാൻ മരം പോലെ
നിലകൊണ്ടിരുന്നീ ഞാൻ
നിരത്തുകൾ വമിക്കും വിഷപ്പുക വിഴുങ്ങി
നരച്ചു പോയെൻ ശിരസുകളെങ്കിലും
നിവൃത്തികേടില്ലാതെയി പാതയോരത്ത്
തരത്തിനൊപ്പം നിന്നിടുന്നു മരമായ് ഞാൻ
ചില്ലയിൽ കൂടു കുട്ടിയ പറവതൻ കലപില
ചോട്ടിൽ കുളിരൂറും തണൽ തേടും പഥികരും
പാത തൻ വികസനം പകുതി വഴിയെൻ പഴി
വാതോരാ കേട്ടെൻ തളിരിലയും കൊഴിഞ്ഞു
തീർന്നൊടുക്കമീ പാഴ് തടിക്കടയ്ക്കൽ യന്ത്ര-
ത്തല നീർത്തി വന്നിടുന്നു
ഒടുക്കം വീഥിയും വീർത്തൊരുനാളെൻ
വിധി വന്നു തീർപ്പായ് വാഹനപ്പുറത്തേറി
വിശ്രമസ്ഥാനം ലക്ഷ്യം വെച്ചോടുന്നു
ഇന്ന് ഞാൻ വെറും ഒരു മരം മാത്രം
കാലങ്ങൾക്ക് മറവിയുടെ തളിരിടും പാഴ്മരം
മരമാണ് വെറും മരമല്ല തണലാണ്
പറവകൾ കൂരയണഞ്ഞതെൻ വിരിമാറിലാണ്
മർത്യർ കുളിരോടെ കോൾമയിൽ
കൊണ്ടതുമെൻ ചോട്ടിലാണ്
ഞാനൊരു മരമാണ് വെറും മരം 

Exit mobile version