Site iconSite icon Janayugom Online

മുംബൈ ഇന്ത്യൻസിന് തിരിച്ചടി; ബുംറ ആദ്യ മത്സരങ്ങളില്‍ കളിക്കില്ല

ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യൻസിന് തിരിച്ചടി. ആദ്യ മത്സരങ്ങളിൽ സൂപ്പർ താരം ജസ്പ്രീത് ബുംറ കളിക്കില്ലെന്ന് റിപ്പോർട്ട്. ഓസ്ട്രേലിയൻ പര്യടനത്തിനിടെയുണ്ടായ പരിക്ക് കാരണം ആദ്യ രണ്ടാഴ്ചയിലെ മത്സരങ്ങളിൽ നിന്ന് ബുംറ മാറി നിൽക്കും. ബുംറ നിലവിൽ ബംഗളൂരുവിലെ ബിസിസിഐ ക്യാമ്പിൽ ചികിത്സയിലാണ്. താരം ഇതുവരെ പരിക്കിൽ നിന്ന് പൂർണമായി മുക്തനായിട്ടില്ലായെന്നാണ് സൂചന.
ഈ മാസം 22ന് തുടങ്ങുന്ന ഐപിഎല്ലില്‍ 23ന് ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ആണ് മുംബൈയുടെ ആദ്യ മത്സരം. 29ന് ഗുജറാത്തിനെയും 31ന് നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്തയെയും ഏപ്രില്‍ നാലിന് ലഖ്നൗവിനെയുമാണ് മുംബൈ ആദ്യ നാലു കളികളില്‍ നേരിടുക. 

നിലവിലെ സാഹചര്യത്തില്‍ ബുംറയ്ക്ക് ഏപ്രില്‍ ആദ്യവാരം മാത്രമെ മുംബൈ ഇന്ത്യൻസിനൊപ്പം ചേരാനാകൂ. ഇതോടെ മുംബൈയുടെ ആദ്യ നാലു കളികളിലും ബുംറയ്ക്ക് കളിക്കാനായേക്കില്ല. കൂടാതെ വരാനിരിക്കുന്ന ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് ബുംറയുടെ ഫിറ്റ്നസ് വളരെ പ്രധാനമാണ്. ഇംഗ്ലണ്ട് പരമ്പരയിൽ ബുംറയെ ക്യാപ്റ്റനാക്കാനും സാധ്യതയുണ്ട്. പരിക്കിനെത്തുടര്‍ന്ന് ചാമ്പ്യൻസ് ട്രോഫി താരത്തിന് നഷ്ടമായിരുന്നു.
ചെന്നൈയ്ക്കെതിരായ ആദ്യ മത്സരത്തിൽ രോഹിത് ശർമ്മയ്ക്കു കീഴിലാകും മുംബൈ കളിക്കാനിറങ്ങുക. അച്ചടക്ക നടപടി നേരിടുന്ന ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യക്കും ആദ്യ മത്സരം നഷ്ടമാകും. കഴിഞ്ഞ സീസണില്‍ മൂന്ന് മത്സരങ്ങളില്‍ നടത്തിയ സ്ലോ ഓവർ റേറ്റിനാണ് ഹാർദിക്കിന് ആദ്യ മത്സരത്തില്‍ വിലക്ക് ലഭിച്ചിരിക്കുന്നത്.
കഴിഞ്ഞ സീസണില്‍ ഹാർദിക്കിന്റെ കീഴില്‍ നിരാശജനകമായ പ്രകടനമായിരുന്നു മുംബൈ നടത്തിയിരുന്നത്. 2024 ഐപിഎല്ലിന്റെ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തായിരുന്നു മുംബൈ ഇന്ത്യൻസ് ഫിനിഷ് ചെയ്തിരുന്നത്. 14 മത്സരങ്ങളില്‍ വെറും നാല് മത്സരങ്ങളില്‍ മാത്രമായിരുന്നു മുംബൈയ്ക്ക് വിജയിക്കാൻ സാധിച്ചത്. ഇതില്‍ 10 മത്സരങ്ങളില്‍ പരാജയപ്പെടുകയും ചെയ്തു. 

Exit mobile version