വയനാട്ടിൽ ഉരുൾദുരന്തത്തിൽ മരിക്കുകയും പരിക്കേൽക്കുകയും ചെയ്ത വിദ്യാർഥികളുടെ കുടുംബത്തിന് സാമ്പത്തിക സഹായം നൽകാൻ കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് തീരുമാനം. ദുരന്തബാധിതരായ വിദ്യാർഥികൾക്ക് കാലിക്കറ്റ് സർവകലാശാലക്കു കീഴിൽ അവർക്ക് ഇഷ്ടപ്പെട്ട കോളജുകളിൽ ബിരുദ-ബിരുദാനന്തര പഠനത്തിന് സൗകര്യമൊരുക്കും. മുണ്ടക്കൈ, ചൂരൽമല മേഖലകളുടെ ചുമതലയുള്ള നോഡൽ ഓഫിസറുമായി കൂടിയാലോചിച്ച് തുടർനടപടി സ്വീകരിക്കാനും സിൻഡിക്കേറ്റ് തീരുമാനിച്ചു.
ഉരുൾ ദുരന്തത്തിൽ സർവകലാശാല വിദ്യാർഥികളായ അഞ്ചുപേരാണ് മരിച്ചത്.44 വിദ്യാർഥികളെ ദുരന്തം ബാധിച്ചു. ഈയൊരു സാഹചര്യത്തിലാണ് തീരുമാനം. കോളജ് അധ്യാപകരിൽനിന്ന് പിഴ ഈടാക്കുന്നത് സംബന്ധിച്ച പരാതിയിൽ അന്വേഷണത്തിന് ഉപസമിതിയെ നിയോഗിച്ചു. ഉർദു പഠനവിഭാഗം ആരംഭിക്കാനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി സർവകലാശാല സ്റ്റാറ്റ്യൂട്ടിൽ ആവശ്യമായ ഭേദഗതി വരുത്തും. നാലുവർഷ ബിരുദ പ്രോഗ്രാമിന്റെ ഒന്നാം സെമസ്റ്റർ ഇംഗ്ലീഷ്, മലയാളം ഫൗണ്ടേഷൻ കോഴ്സ് സിലബസ് സർവകലാശാല സെൻട്രൽ കോഓപറേറ്റിവ് സ്റ്റോറിനെ അച്ചടിക്കാൻ ഏൽപിച്ചത് പിൻവലിച്ചു. ചെയർ ഫോർ സനാതന ധർമ സ്റ്റഡീസ് ആൻഡ് റിസർച്ചിന് കെട്ടിട നിർമാണത്തിന് ക്രിസ്ത്യൻ ചെയറിന് സമീപത്ത് ഭൂമി നൽകും.