വീട്ടിൽ മദ്യപിച്ചെത്തി വീട്ടമ്മയുടെ ആറു പവൻ വരുന്ന മാല പറിച്ചു കടന്നു കളഞ്ഞ യുവാവിനെ പോലീസ് അറസ്റ്റ് ചെയതു. ടിവി പുരം മരവട്ടിച്ചുവട് ചെങ്ങാനത്ത് രാജപ്പൻറ ഭാര്യ ചന്ദ്രമതിയുടെ മാല അപഹരിച്ച അയൽവാസിയായ ടിവി പുരം കളയത്ത് അഭിലാഷിനെ(35)യാണു അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രിയിലായിരുന്നു സംഭവം. രാത്രി രാജപ്പന്റെ വീട്ടിലെ ബാത്ത്റൂമിനു സമീപത്തെ ഇല്ലിക്കാട്ടിൽ ഒളിച്ചു നിൽക്കുകയായിരുന്നു അഭിലാഷ്. വീട്ടമ്മ ബാത്ത്റൂമിൽ കയറിയശേഷം തിരിച്ചു വീട്ടിലേക്ക് നടന്നപ്പോൾ പിന്നാലെ എത്തിയ ഇയാൾ മാലപറിച്ചു കടന്നു കളയുകയായിരുന്നു. വീട്ടമ്മയുടെ ബഹളം കേട്ട് എത്തിയ ബന്ധുക്കൾ മോഷ്ടാവിനു പിന്നാലെ പാഞ്ഞെങ്കിലും ഉൾപ്രദേശത്തെ നാട്ടുവഴികളിലൂടെ ഓടി തോട് ചാടിക്കടന്ന് ഇയാൾ മറഞ്ഞു. വീട്ടമ്മയുടെ പരാതി ലഭിച്ച പോലീസിനു സ്ഥലത്തെക്കുറിച്ചു വ്യക്തമായി അറിയാവുന്ന ആളാണു മോഷ്ടാവെന്നു മനസിലായി. രാത്രി സമയങ്ങളിൽ സ്ത്രീപുരുഷൻമാർ താമസിക്കുന്ന സ്ഥലങ്ങളിലും കുളിപ്പുരകളുടെ സമീപത്തും ഒളിഞ്ഞു നോക്കുന്ന ആളെക്കുറിച്ച് നാട്ടുകാർ പോലീസിനു നൽകിയ വിവരമാണു കേസിൽ വഴിത്തിരിവായത്. മുമ്പ് രാത്രി പലവീടുകളിലും ഒളിഞ്ഞു നോക്കിയ സംഭവത്തിൽ നാട്ടുകാരുടെ ഗുണദോഷിക്കലിന് ഇയാൾ വിധേയനായിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.