ആയാസ രഹിത ബിസിനസ് സാധ്യമാക്കുന്നതിനും സംസ്‌ഥാനത്തു സംരംഭകത്വ അനുകൂല സാഹചര്യം സൃഷ്ടിക്കുന്നതിനും വ്യവസായ, വാണിജ്യ മേഖലയിലെ പരിഷ്‌കാരങ്ങൾ സഹായകരമായെന്ന് ഫിക്കി. ഏകജാലക സംവിധാനം, കേരള എക്സ്പോർട്ട് നയം, ലോജിസ്റ്റിക് ആൻഡ് മറൈൻ സെക്റ്റർ പോളിസി, ഇ എസ് ജി പോളിസി, ട്രാക്ക് ലൈസൻസിംഗ് പോളിസി, ഗ്രീവൻസ് അഡ്രസ് മെക്കാനിസം, കേന്ദ്രീകൃത പരിശോധന സംവിധാനം, സ്വകാര്യ വ്യവസായ പാർക്കുകൾ, മെയ്‌ഡ് ഇൻ കേരള ബ്രാൻഡുകൾക്കുള്ള പ്രോത്സാഹനം, മിഷൻ 1000 പദ്ധതി എന്നിവയെല്ലാം കേരളത്തിലെ വ്യവസായ, വാണിജ്യ മേഖലയ്ക്ക് ഊർജം പകർന്നുവെന്ന് ഫിക്കി ചൂണ്ടിക്കാട്ടി. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ റാങ്കിംഗിൽ ബിസിനസ് കേന്ദ്രീകൃത പരിഷ്‌കരണങ്ങളുടെ രണ്ട് വിഭാഗങ്ങളിലും പൗര കേന്ദ്രീകൃത പരിഷ്‌കരണങ്ങളുടെ ഏഴ് വിഭാഗങ്ങളിലും കേരളം രാജ്യത്തെ ഒന്നാം സ്‌ഥാനത്തേക്ക് ഉയർന്നത് ഇത്തരം കൂട്ടായ പരിഷ്കാരങ്ങളുടെയും പ്രവർത്തനങ്ങളുടെയും ഫലമാണെന്ന് ഫിക്കി വിലയിരുത്തി.
ഈ നേട്ടം കൈവരിച്ചതിൽ വ്യവസായമന്ത്രി പി രാജീവിനെയും വ്യവസായ വകുപ്പ് ഉദ്യോഗസ്‌ഥരെയും സംസ്‌ഥാന സർക്കാരിനെയും അഭിനന്ദിക്കുന്നതായി ഫിക്കി കേരള സ്റ്റേറ്റ് കൗൺസിൽ ചെയർമാനും കിംസ് ഹെൽത്ത് ഗ്രൂപ്പ് ചെയർമാനുമായ ഡോ.എം ഐ സഹദുള്ള പറഞ്ഞു. സാങ്കേതികവിദ്യ, വൈദഗ്ധ്യം, വിജ്ഞാന സമ്പദ്‌വ്യവസ്ഥ എന്നിവയിൽ അത്യാധുനികമായ 22 മുൻഗണനാ മേഖലകളിൽ ഊന്നൽ നൽകുന്ന ഏഴ് കേന്ദ്രീകൃത മേഖലകൾ കേന്ദ്രീകരിച്ചുള്ള കേരള വ്യാവസായിക നയം 2023 സംസ്ഥാനത്തിന് സംരംഭകത്വവും നിക്ഷേപവും കൂടുതൽ ത്വരിതപ്പെടുത്തും. കാമ്പസ് ഇൻഡസ്ട്രിയൽ പാർക്കുകൾ സ്ഥാപിക്കുന്നതിനുള്ള നിർദ്ദേശം കേരളത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കും. നവീകരണവും സ്റ്റാർട്ടപ്പ് സംസ്കാരവും പ്രോത്സാഹിപ്പിക്കുന്നതും പ്രശംസനീയമായ നേട്ടമാണ്.
സംസ്ഥാനത്ത് കൂടുതൽ സംരംഭകത്വവും നിക്ഷേപവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ ഫിക്കിയും നിരന്തര പങ്കാളികളാണെന്നും ഈസ് ഡൂയിംഗ് ബിസിനസ്സ് റാങ്കിംഗിൽ രാജ്യത്ത് ഒന്നാം സ്ഥാനത്ത് എത്തിയ കേരളത്തിന്റെ അതുല്യ നേട്ടത്തിന് വ്യവസായ മന്ത്രി പി രാജീവ്, വ്യവസായ വകുപ്പിലെ ഉദ്യോഗസ്ഥർ എന്നിവരെ അഭിനന്ദിക്കുന്നതായി ഫിക്കി കേരള സ്റ്റേറ്റ് കൗൺസിൽ കോ ചെയറും മണപ്പുറം ഫിനാൻസ് എം ഡിയും സി ഇ ഒയുമായ വി പി നന്ദകുമാർ പറഞ്ഞു.